നിരാലംബനായ വയോധികന് സ്നേഹവീടൊരുക്കി ജനമൈത്രി പൊലീസ്

കിളിമാനൂർ: ഇടിഞ്ഞുവീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന നിരാലംബനായ വയോധികന് സ്നേഹവീടൊക്കി കിളിമാനൂർ ജനമൈത്രി പൊലീസ്. നാട്ടുകാരുടെകൂടി പ്രയത്നത്താലാണ് സ്നേഹാലയം ഒരുങ്ങിയത്. കിളിമാനൂർ പാപ്പാല, കല്ലറക്കോണം കോഴിക്കോട്ടുവിള വീട്ടിൽ കുഞ്ഞിരാമനാണ് (72) പൊലീസ് വീട് നിർമിച്ച് നൽകിയത്. 30 വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ വൃദ്ധൻ കല്ലറക്കോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ, ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ മൺഭിത്തിയിൽ ടാർപോളിൻകൊണ്ട് മൂടിയ കുടിലിലാണ് കഴിഞ്ഞുവന്നത്. പ്രായാധിക്യത്താൽ കേൾവിക്കുറവും കാഴ്ചക്കുറവും നേരിട്ടതോടെ വൃദ്ധന്‍റെ ദിനചര്യകൾ ബുദ്ധിമുട്ടിലായി. സമീപവാസികളുടെയും സുമനസ്സുകളുടെയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വൃദ്ധന്‍റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിക്കാൻ എത്തിയ ജനമൈത്രി പൊലീസ് കോഓഡിനേറ്റർമാരായ സവാദ്ഖാൻ, പ്രദീപ്, ജനമൈത്രി ബീറ്റ് ഓഫിസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് അനുമതി വാങ്ങിയശേഷം അടിയന്തരമായി സുരക്ഷയുള്ള വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു. വാർഡ് അംഗം അജ്മലും സുമനസ്സുകളും ജനമൈത്രി പൊലീസും കൈകോർത്തതോടെ അടുക്കളയും ശൗചാലയവും അടങ്ങിയവീട് ഒരുങ്ങി. വീടിന്റെ താക്കോൽ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥ് കുഞ്ഞിരാമന് കൈമാറി. ചടങ്ങിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ്ബാബു, നാർകോട്ടിക്സെൽ ഡിവൈ.എസ്.പി വി.ടി. രാശിത്ത്, പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ, കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, പൊലീസ് റൂറൽ ജില്ല പ്രസിഡൻറ് കൃഷ്ണലാൽ, വാർഡ് അംഗം അജ്മൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.