തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് റോഡിലെ ചൊവ്വരയിൽ17കാരിയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റാരോപിതനായ മോഹൻകുമാറിനെ തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം.പി. ഷിബു വെറുതെവിട്ടു. 2011 ഡിസംബർ എട്ടിനായിരുന്നു സംഭവം. മോഹൻകുമാർ മദ്യപിച്ച് ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്ന വിൽസനെ ഇടിച്ചു. നിർത്തിയിട്ട മറ്റൊരു ബൈക്കിലും ഓട്ടോറിക്ഷയിലും കാറിടിച്ചു. വീണ്ടും മുന്നോട്ടുപോയ കാർ സമീപത്ത് നിൽക്കുകയായിരുന്ന 17 കാരിയെ ഇടിച്ചു. കാറിന്റെ ഉടമസ്ഥനും രണ്ടാം പ്രതിയുമായ ശിവദാസനെ മദ്യപിച്ച് അബോധാവസ്ഥയിലാണ് പൊലീസ് കാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കേസന്വേഷണത്തിലും തെളിയിക്കുന്നതിലും പ്രോസിക്യൂഷന് വന്ന വീഴ്ചയാണ് പരാജയത്തിനിടയാക്കിയത്. പരിക്കേറ്റ വിൽസൻ ഉൾപ്പെടെ നാലു സാക്ഷികൾ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയിട്ടും കുറ്റം തെളിയിക്കാനായില്ല. കണ്ടെടുത്ത മദ്യക്കുപ്പിയിലെ ദ്രാവകം മദ്യമാണെന്നും പ്രതികൾ മദ്യപിച്ചിരുന്നതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പ്രഥമവിവരം രേഖപ്പെടുത്തുമ്പോൾ പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ, സാക്ഷികളെ കാണിച്ച് പ്രതികളെ തിരിച്ചറിയാൻ പൊലീസ് ശ്രമിച്ചില്ല. പ്രഥമവിവര റിപ്പോർട്ടിൽ പറയുന്ന സ്റ്റെപ് മോഹനനാണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി മോഹൻകുമാർ എന്ന് തെളിയിക്കുന്നതിലും പൊലീസ് പരാജയപ്പെട്ടു. രണ്ടാം പ്രതി ശിവദാസ് വിസ്താരമധ്യേ മരണപ്പെട്ടു.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പരണിയം ദേവകുമാർ, ഷൈജു ബാൽ ബി.എച്ച്, അജിത് കെ. നായർ, ഗൗരി കല്യാണി ശേഖർ, വിവേക് ആനാവൂർ, ദിവ്യ ജെ. നായർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.