കെ.എസ്.ആർ.ടി.സി ബസിൽ പഠനമുറി ഒരുക്കി കാര്യവട്ടം കാമ്പസ്

കഴക്കൂട്ടം: കാര്യവട്ടം കാമ്പസിൽ ഇനി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കെ.എസ്.ആർ.ടി.സി ബസിലിരുന്ന്​ പഠിക്കാം. കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വകുപ്പിന്റെ മുന്നിലാണ് ബസിനുള്ളിലെ പഠനമുറിയൊരുക്കിയിരിക്കുന്നത്. എഴുതാനുള്ള ബോർഡും വിളക്കുകളും ഫാനുകളും സംഗീതം കേൾക്കുന്നതിന്​ ഉപകരണങ്ങളും ബസിനകത്ത് ഒരുക്കിയിട്ടുണ്ട്. ബസിന്റെ സീറ്റിന്റെ മുകളിലായി കൈയും തലയും പുറത്തിടരുത്, സ്ത്രീകൾ എന്നുള്ള എഴുത്തുകൾക്ക് പകരം മുൻവിധി പുറത്തിടരുത്, പഠിപ്പിസ്റ്റ്, ബുദ്ധിജീവി, സർവവിജ്ഞാനകോശം, വിമർശകൻ, സംശയാലു, സകലകലാ വല്ലഭൻ എന്നാക്കി മാറ്റിയിട്ടുണ്ട്. ക്ലാസ് മുറികൾ വിദ്യാർഥികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബസിൽ ക്ലാസ് റൂമെന്ന ആശയം വകുപ്പ് മേധാവിയായ അച്യുത് ശങ്കർ എസ്. നായർക്ക് തോന്നിയത്. അതിനായി നെയ്യാറ്റിൻകര ഡിപ്പോയിലെ ഓട്ടം മതിയാക്കിയ പൊളിക്കാനിട്ടിരുന്ന ബസ് പാപ്പനംകോട് നിന്നും ക്രൈനിലാണ് കാമ്പസിൽ എത്തിച്ചത്. ബസ് പൂർണമായും സൗജന്യമായാണ് കെ.എസ്.ആർ.ടി.സി വിട്ടുകൊടുത്തത്. പൈത്തൺ പ്രോഗ്രാമിങ്ങാണ് ബസിനുള്ളിൽ പഠിപ്പിക്കുന്നത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും ഇന്റർനെറ്റുള്ള ഫോണോ ലാപ്ടോപ്പോ കൊണ്ട് വന്നാൽ കോഴ്‌സിൽ പങ്കെടുക്കാം. മൂന്ന് മാസമാണ് കാലാവധി. ആഴ്ചയിൽ മൂന്ന് ക്ലാസുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് ആദ്യ ബാച്ചിൽ അഡ്മിഷൻ നൽകുക. വകുപ്പിലെ 18 ഗവേഷണ വിദ്യാർഥികൾക്കൊപ്പമാകും പുറത്ത് നിന്നുള്ളവർക്കും ക്ലാസ് ഒരുക്കുക. മന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. നഗരത്തിലെ സ്ക്കൂളിന് പഴയ ബസുകൾ നൽകിയതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് കൂടുതൽ കേന്ദ്രങ്ങൾ ഇത്തരം ക്ലാസ് മുറികൾ ഏറ്റെടുക്കുന്നതിലൂടെ മനസ്സിലാകുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പ് മേധാവി അച്യുത് ശങ്കർ എസ്. നായർ, കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ, പ്രഫ. ഗോപ്ചന്ദ്രൻ, ഡോ.എസ്. നജീബ്, കെ.എച്ച്. ബാബുജൻ, ഡോ. ആർ. അരുൺകുമാർ, ഡോ. ജെ.ആർ. റാണി, വിനോദ് എം.പി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.