അനന്തപുരി എക്സ്​പ്രസുകൾക്ക്​ നാഗർകോവിൽ ടൗൺ വഴി പോകാൻ അനുമതി

തിരുവനന്തപുരം: ചെന്നൈ എഗ്​മോർ-കൊല്ലം (16723), കൊല്ലം-ചെന്നൈ എഗ്​മോർ (16724) അനന്തപുരി എക്സ്​പ്രസുകൾക്ക്​ നാഗർകോവിൽ ജങ്​ഷനിൽ പോകാതെ, നാഗർകോവിൽ ടൗൺ വഴി സർവിസ്​ നടത്താൻ റെയിൽവേ ബോർഡി‍ൻെറ അംഗീകാരം. ഇതോടെ ട്രെയിനി‍ൻെറ സമയക്രമത്തിൽ 45 മിനിറ്റോളം ലാഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ജങ്​ഷനിലേക്ക്​ പോകുന്ന ട്രെയിനുകൾക്ക്​ തിരുനെൽവേലിയിലേ​ക്കോ തിരുവനന്തപുര​ത്തേക്കോ പോകുന്നതിന്​ പിന്നീട്​ റിവേഴ്​സ്​ ദിശയിൽ സഞ്ചരിക്കണം. ഇതിനായി എൻജിൻ മാറ്റവും നടത്തണം. മൊത്തിൽ 30 മിനിറ്റ്​​ മുതൽ 45 മിനിറ്റുവ​​രെ എൻജിൻ മാറ്റത്തിനായി വേണം. എന്നാൽ ജങ്​ഷനിൽ പോകുന്നത്​ ഒഴിവാക്കി പകരം നാഗർകോവിൽ ടൗൺ വഴി ​സർവിസ്​ നടത്തിയാൽ ഈ സമയം ലാഭിക്കാം. ഇതിന്​ തത്വത്തിൽ റെയിൽവേ ബോർഡ്​ അനുമതി നൽകിയിട്ടു​​​​​​​​​​​​​​ണ്ടെങ്കിലും പ്രാവർത്തികമാകാൻ കുറച്ച്​ ദിവസങ്ങൾ കൂടിയെടുക്കുമെന്നാണ്​ ഡിവിഷൻ അധികൃതർ വ്യക്​തമാക്കുന്നത്​. റിസർവേഷനുകൾ പരിശോധിച്ച ശേഷമോ തീരുമാനത്തിലേക്ക്​ കടക്കാനാവൂ. അതേസമയം ജങ്​ഷൻ ഒഴിവാകുന്ന സാഹചര്യത്തിൽ സമയം ലാഭിക്കുന്നത്​ കണക്കിലെടുത്ത്​ ട്രെയിനി‍ൻെറ സമയമാറ്റത്തിനും റെയിൽവേ ബോർഡ്​ നിർദേശിച്ചിട്ടുണ്ട്​. നിലവിൽ കൊല്ലം-ചെന്നൈ എഗ്​മോർ അനന്തപുരി എക്സ്​പ്രസ്​ (16724) വൈകീട്ട് മൂന്നിനാണ്​ കൊല്ലത്തുനിന്ന്​ യാത്ര പുറപ്പെടുന്നത്​. ഇതിന്​ 3.40 ആയി പുനഃക്രമീകരിക്കണമെന്നാണ്​ ബോർഡി‍ൻെറ നിർദേശം. ഇതോടെ നിലവിൽ 4.07ന്​ തമ്പാനൂരിൽ എത്തുന്ന ട്രെിയിനി‍ൻെറ സമയം 4.45 ആയി മാറും. ഇതോടൊപ്പം മധുര-നാഗർകോവിൽ പാതയിൽ ഇരട്ടിപ്പിക്കൽ തകൃതയിലാണ്​. 80 ശതമാനവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്​. നാഗർകോവിൽ-ആരുവായ്​മൊഴി (13 കി.മീ), വള്ളിയൂർ-തിരുനെൽവേലി (42 കി.മീ), തിരുമംഗലം-മധുര (17 കി​.മീ) സ്​ട്രെച്ചുകളിലാണ്​ ഇനി ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്​. 2023 ജൂണോടെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അങ്ങനെയെങ്കിൽ യാത്രാസമയത്തിൽ ഒരു മണിക്കൂർ കൂടി ലാഭിക്കുമെന്നാണ്​ കരുതുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.