ഫുട്​ബോർഡിലെ യാത്ര ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദനം

ശ്രീകാര്യം: മദ്യലഹരിയിൽ അപകടമുണ്ടാകുന്നതരത്തിൽ ബസിന്റെ ഡോർ തുറന്ന് ഫുട്ബോർഡിൽ യാത്ര ചെയ്തയാളെ ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദനം. മൂക്കിന് ഗുരുതര പരിക്കുകളോടെ കണ്ടക്ടർ പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.45ന് ചെമ്പഴന്തിക്ക് സമീപം ഉദയഗിരിയിലായിരുന്നു സംഭവം. വികാസ്ഭവൻ ഡിപ്പോയിൽനിന്ന് പോത്തൻകോട് - കിഴക്കേകോട്ട റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി അനന്തപുരി ബസിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ശ്രീകാര്യം പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം രാത്രി 9.45ന് കെ.എസ്.ആർ.ടി.സി ബസ് പോത്തൻകോടുനിന്ന് വികാസ്ഭവനിലേക്ക് പോകുമ്പോൾ ചേങ്കോട്ടുകോണത്ത് വെച്ച് ഒരുയാത്രക്കാരൻ പുറത്തിറങ്ങാൻ ശ്രമിക്കുകയും ശേഷം അകത്ത് കയറി റോഡിൽനിന്ന രണ്ടുപേരുമായി ഡോർ തുറന്നുവെച്ച് സംസാരിക്കുകയും ചെയ്തു. ഇത് കണ്ട കണ്ടക്ടർ ബലമായി ഡോർ അടച്ച് ബെല്ലടിച്ചു. ഇതോടെ യാത്രക്കാരൻ പ്രകോപിതനാകുകയും പുറത്തുനിന്ന സുഹൃത്തുക്കൾ ബൈക്കിൽ പിന്തുടർന്നെത്തി ഉദയഗിരിയിൽവെച്ച് ബസിനെ തടഞ്ഞുനിർത്തുകയും ചെയ്തു. അതിലൊരാളും ബസിലുണ്ടായിരുന്ന യാത്രക്കാരനും ചേർന്ന് ഇടികട്ട കൊണ്ട് കണ്ടക്ടറുടെ മുഖത്തും നെഞ്ചിലും ഇടിക്കുകയും കാഷ് ബാഗിൽനിന്ന്​ പണം തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ കണ്ടക്ടറുടെ മൂക്കിന്‍റെ പാലം തകർന്നു. വികാസ്ഭവൻ എ.ടി.ഒ സൈജു ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.