മാതാവിനും പഞ്ചായത്തംഗത്തിനും മർദനം; യുവതിക്കെതിരെ കേസെടുത്തു

പത്തനാപുരം: മാതാവിനെയും പഞ്ചായത്തംഗത്തിനെയും യുവതി ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ടോടെ പത്തനാപുരം നെടുംപറമ്പ് പാക്കണംകാലായിലാണ് സംഭവം. നെടുംപറമ്പ് പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് മാതാവ് ലീലാമ്മയെ ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വയോധികയായ മാതാവിനെ കെട്ടിയിട്ട് യുവതി മർദിക്കുന്നതു കണ്ട് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ്​ പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡംഗം അര്‍ഷമോള്‍ക്ക് മർദനമേറ്റത്. യുവതി ഇവരെയും ക്രൂരമായി മര്‍ദിച്ചു. പഞ്ചായത്ത് അംഗത്തിന്‍റെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിന് അകത്തേക്ക് ലീന തള്ളി വീഴ്ത്തി. ഒടുവിൽ നാട്ടുകാരും പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവും ഉൾപ്പെടെയുള്ളവർ ചേർന്ന് യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. പഞ്ചായത്തംഗവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. യുവതിയും മാതാവും തമ്മിൽ നിരന്തരം പ്രശ്നമാണെന്നും മുമ്പ് നിരവധി തവണ പരാതി നൽകിയിരുന്നെന്നും പൊലീസ് പറയുന്നു. മകൾ നിരന്തരം തന്നെ മർദിക്കാറുണ്ടെന്നും മുറിയിൽ പൂട്ടിയിടാറുണ്ടെന്നും മാതാവ് ലീലാമ്മ നൽകിയ മൊഴിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.