ചേട്ടൻമാരെത്തി; അനുജന്മാർക്ക് വിളവെടുത്തു നൽകാൻ

കിളിമാനൂർ: ഓരോ വർഷവും പരിസ്ഥിതിദിനം ആഘോഷിച്ച് പോകുമ്പോൾ, വർഷങ്ങൾക്ക് മുമ്പ് നട്ട പ്ലാവിലെ വിളവെടുത്ത് പുതുതലമുറക്ക് നൽകി പൂർവവിദ്യാർഥികൾ. കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഇക്കുറി ചേട്ടന്മാർ വിളവെടുക്കാൻ എത്തിയതോടെ പുതുമയായി. കിളിമാനൂർ ഗവ.എൽ.പി.എസ് അങ്കണത്തിൽ എട്ട് വർഷം മുമ്പ് പി.ടി.എയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പ്ലാവ് നട്ടിരുന്നു. അഞ്ചാം വർഷത്തിൽ പ്ലാവ് കായ്ച്ചു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വിളവെടുപ്പ് നടന്നില്ല. ചേട്ടന്മാർ നട്ട പ്ലാവിൽനിന്നും അനുജന്മാർ ഇന്ന് വിളവെടുത്തു. സ്കൂളിൽപുതിയ കെട്ടിടനിർമണഘട്ടത്തിൽ പ്ലാവ് തടസ്സമായെങ്കിലും അതിനെ സംരക്ഷിച്ചുകൊണ്ടാണ് കെട്ടിടം നിർമിച്ചത്. എട്ട് വർഷം മുമ്പൊരു പരിസ്ഥിതി ദിനത്തിൽ കൂട്ടുകാർ സ്കൂൾ വളപ്പിൽ നട്ട പ്ലാവിൽനിന്നാണ് വിളവെടുത്തത്. കൊതിയൂറും തേൻ വരിക്കയാണ് മുൻഗാമികൾ പിൻഗാമികൾക്ക് വിളവെടുത്തുവിതരണം ചെയ്തത്. പരിസ്ഥിതിദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ നിർവഹിച്ചു. ബി.പി.സി വി.ആർ. സാബു പരിസ്ഥിതി ദിനസന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് എൻ. ഷംനാദ്, സി.ആർ.സി കോഓഡിനേറ്റർ ടി.എസ്. ദീപ എന്നിവർ സംസാരിച്ചു. എച്ച്.എം-ഇൻ ചാർജ് എ.ആർ. ബീന സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.സി. ലാലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.