വിഴിഞ്ഞം തുറമുഖ നിർമാണം:

മത്സ്യലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ പരമ്പരാഗത തൊഴിലാളികള്‍ പൂന്തുറ: ട്രോളിങ് കാലത്തെ ചാകരക്കാലം വറുതിക്കാലമായി മാറുമോയെന്ന ഭീതിയില്‍ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്ത് കടലില്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്ന ജൂണ്‍മുതല്‍ തലസ്ഥാന ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലമാണ്. എന്നാൽ, വിഴിഞ്ഞം തുറമുഖ ഡ്രഡ്​ജിങ് കാരണം മത്സ്യങ്ങള്‍ തീരക്കടലിലേക്ക് അടുക്കമോയെന്ന ഭീതിയിലാണ് തൊഴിലാളികള്‍. തുറമുഖത്തിന്‍റെ പേരില്‍ നടക്കുന്ന ഡ്രെ​ഡ്​ജിങ്ങിനൊപ്പം വ്യാപകമായി തീരക്കടലിലേക്ക് രാസമാലിന്യം ചേര്‍ന്ന ജലം ഒഴുകിയിറങ്ങുന്നതും മത്സ്യവരവിനെ ബാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഡ്രെഡ്​ജിങ്ങിന്‍റെ പേരില്‍ വിഴിഞ്ഞത്തിന്‍റെ സമീപ തീരങ്ങള്‍കൂടി കടല്‍ കവര്‍ന്നതോടെ കമ്പവലകള്‍പോലും വലിച്ച് ഉപജീവനം കണ്ടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. മഴക്കാലത്ത് കടല്‍ ഇളകിമറിയുന്നതും വലിയ ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാനുള്ള നിരോധനവും കാരണം ഉള്‍ക്കടലില്‍നിന്ന്​ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരക്കടലില്‍ എത്താറാണ് പതിവ്. കടലിന്‍റെ ആവാസ്ഥവ്യവസ്ഥക്കും മത്സ്യങ്ങളുടെ പ്രജനന കാലത്തിനും കോട്ടം തട്ടാത്തരീതിയിലാണ് പരമ്പരാഗത വലകള്‍ ഉപയോഗിച്ച് ചെറുവള്ളങ്ങളില്‍ ഇവർ മത്സ്യങ്ങള്‍ പിടിക്കുന്നത്. ഇത്തരം വലകളില്‍ ചെറുമത്സ്യങ്ങള്‍ കുടുങ്ങിയാല്‍പോലും വലകളില്‍നിന്ന് ഇവക്ക് പുറത്തേക്കിറങ്ങി പോകാനുള്ള സംവിധാനങ്ങളും പരമ്പാഗതവലകളിലുണ്ട്. സാധാരണ ജൂണ്‍ തുടക്കമാകുമ്പോള്‍തന്നെ തീരക്കടലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ കണ്ടുതുടങ്ങും. എന്നാല്‍, ഇത്തവണ ജൂണ്‍ പിറന്നിട്ടും തീരക്കടലിലേക്ക് മത്സ്യങ്ങളുടെ വരവ് കാണത്തതിന്‍റെ നിരാശയിലാണ് മത്സ്യത്തൊഴിലാളികള്‍. വിഴിഞ്ഞം തുറമുഖ നിർമാണം പാരിസ്ഥിത വിഷയങ്ങള്‍ക്ക് അപ്പുറം കടലിനെ ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെകൂടി തകര്‍ക്കുമെന്ന് വിദഗ്ധര്‍ നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അധികൃതർ മുഖവിലക്കെടുക്കാൻ തയാറായില്ല. അതിന്‍റെ പരിണിതഫലമാണ് വിഴിഞ്ഞം സീസൺ എന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലത്തിന് തിരിച്ചടിയാകാൻ പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.