സുപ്രീംകോടതി കേസിൽ കർഷക സംഘവും കക്ഷിചേരും തിരുവനന്തപുരം: വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിധിവരെ നിർബന്ധിത പരിസ്ഥിതിലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പഴുതുതേടി കേരളം. വിവിധ ജില്ലകളിൽ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന നിലപാടാവും കേരളം സ്വീകരിക്കുക. ഇക്കാര്യം മുഖ്യമന്ത്രിയും വനംമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതിയിൽ സ്റ്റാന്‍ഡിങ് കൗൺസിലിന് മുന്നിൽ കേരളത്തിന്‍റെ നിലപാട് അറിയിക്കുന്നതിനു മുന്നോടിയായി വനംസെക്രട്ടറി വൈകാതെ അഡ്വക്കറ്റ് ജനറലിനെ കാണും. കൂടാതെ, മലയോരമേഖലയിൽനിന്നും കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസിൽ കർഷകസംഘവും കക്ഷിചേരാൻ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ് കേരളത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംരക്ഷിത സോണുകളുടെ അതിർത്തിക്കുസമീപം ഒരു കിലോമീറ്ററിനുള്ളിൽ നിലവിലുള്ള കെട്ടിടങ്ങൾ, റോഡുകൾ വാണിജ്യ- വ്യവസായ സ്ഥാപനങ്ങൾ, ജലവൈദ്യുത പദ്ധതികൾ, കാർഷികവിളകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളുളള ആറു ദേശീയ പാർക്കുകളും ഒരു കമ്യൂണിറ്റി റിസർവും ഉൾപ്പെടെ 25 സംരക്ഷിത സോണുകളാണ് നിലവിലുള്ളത്. ഇവയെല്ലാം സംരക്ഷിക്കപ്പെടണമെങ്കിലും ഈ മേഖലകളുടെ സമീപപ്രദേശങ്ങളിൽ ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ ജനവാസകേന്ദ്രങ്ങൾ രൂപംകൊണ്ടിരുന്നു. ഇതിന്‍റെ ഭാഗമായി വീടുകൾ, കടകമ്പോളങ്ങൾ ജലവൈദ്യുത പദ്ധതികൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഉണ്ടായി. റബർ, തേയില, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ വൻതോതിൽ കൃഷിചെയ്ത് ലക്ഷക്കണക്കണക്കിന് കർഷകരും തൊഴിലാളികളും ജീവിതം പുലർത്തുകയാണ്. ഈ ആവാസ വ്യവസ്ഥക്ക് തകർച്ചയുണ്ടായാൽ അതു വലിയ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനാതിർത്തിയോട് ചേർന്ന് ലക്ഷക്കണക്കിന് കർഷകർ അധിവസിക്കുകയും അവരിൽ മിക്കവരും കൃഷിചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുകയാണ്. കേരളത്തിന്‍റെ കാർഷിക വരുമാനത്തിന്‍റെ പകുതിയിലധികവും ഇത്തരം കൃഷിയിൽനിന്നാണ്. ഭൂവിസ്തൃതി കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ള കേരളത്തിന്‍റെ വനപ്രദേശങ്ങളിൽനിന്നും തെക്കുവടക്കായി ഒരു കിലോമീറ്റർവീതം പ്രദേശം ഒഴിവാക്കുകയെന്നത് അപ്രായോഗികമെന്നാണ് കേരള കർഷക സംഘം നിലപാട് വ്യക്തമാക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇതേനിലപാട് അറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.