വിദേശവനിതയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന്​ സാക്ഷി, മറ്റൊരു സാക്ഷി കൂറുമാറി

കോവളത്തെ അനുമതിയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന്​ കോടതി തിരുവനന്തപുരം: ലാത്​വിയൻ യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന്​ സാക്ഷി മൊഴി. മൃതദേഹം ശിരസ്സറ്റ നിലയിലായിരുന്നെന്നും പ്രോസിക്യൂഷൻ എട്ടാം സാക്ഷിയും ചിത്രകാരനുമായ കർട്ടൻ ബിനു എന്ന ബിനു മൊഴി നൽകി. എന്നാൽ, കേസിലെ ഏഴാം സാക്ഷി ഉമ്മർഖാൻ വിചാരണവേളയിൽ കൂറുമാറി. രണ്ടാം പ്രതി ഉമേഷ് യുവതിയുടെ ജാക്കറ്റ് കോവളത്ത് ​തന്‍റെ തുണിക്കടയിൽ കൊണ്ടുവന്നിരുന്നെന്ന്​ പൊലീസിന് മുമ്പ്​ നൽകിയ മൊഴിയാണ് അയാൾ കോടതിയിൽ മാറ്റിയത്​. കട നടത്തുന്നത്​ ലൈസൻസ് ഇല്ലാതെയാണെന്ന്​ ഉമ്മർഖാൻ പറഞ്ഞു. കോവളംപോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാതെ കട പ്രവർത്തിക്കുവാൻ അനുവാദം കോർപറേഷൻ എങ്ങനെ നൽകിയെന്ന്​ കോടതി ആരാഞ്ഞു. അനുമതിയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോർപറേഷൻ അധികാരികൾക്ക് ജഡ്​ജി നിർദേശം നൽകി. ചിത്രകാരനായ താൻ സുഹൃത്തു​മായി ചേർന്ന്​ ശനി, ഞായർ ദിവസങ്ങളിൽ ശീട്ടുകളിക്കാറുണ്ടായിരുന്നെന്ന്​ ബിനു മൊഴി നൽകി. മുമ്പ്​ ശീട്ടുകളി നടന്നിരുന്ന പറമ്പിന്‍റെ ഉടമ അവിടെ കളിക്കുന്നത്​ തടഞ്ഞതിനാൽ മറ്റൊരു സ്ഥലംകണ്ടെത്താനായി സുഹൃത്തിനെയും കൂട്ടി ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്തെത്തി. കൂനൻതുരുത്ത് എന്നായിരുന്നു ആ സ്ഥലം അറിയപ്പെടുന്നത്. ആ കുറ്റിക്കാട്ടിലേക്ക് നോക്കിയപ്പോൾ വള്ളികളിൽ ഒരു ശരീരം തൂങ്ങിക്കിടക്കുന്നത്​ കണ്ടു. അതിന് ശിരസ്സ്​ ഇല്ലായിരുന്നു. എന്നാൽ, ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നു. ശരീരം അഴുകിയ അവസ്ഥയിലായിരുന്നെന്നും ബിനു മൊഴി നൽകി. 2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ്​ പ്രോസിക്യൂഷൻ കേസ്. സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.