പ്രതിക്ക്​ സ്​റ്റേഷൻ ജാമ്യം: എസ്.ഐക്ക്​ വീഴ്ച പറ്റിയെന്ന്​ കണ്ടെത്തൽ

മംഗലപുരം: മംഗലപുരം സ്​റ്റേഷനിലെ എസ്.ഐ തുളസിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. പരാതിയുമായി സ്​റ്റേഷനിൽ എത്തുന്നവരിൽനിന്ന്​ വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നത് പതിവാണ്. ഒപ്പിട്ട് വാങ്ങിയ വെള്ള പേപ്പറിൽ പരാതിക്കാരുടെ മൊഴി എഴുതി ചേർക്കുന്നതാണ് പതിവ്​ രീതി. ഇതിനെതിരെ യുവതി പൊലീസ് കംപ്ലയ്ൻറ് അതോറിറ്റിയിൽ പരാതി നൽകി. അപകീർത്തി സംബന്ധിച്ച പരാതിയുമായാണ്​ യുവതി എസ്.ഐ തുളസിയെ സമീപിച്ചത്. തുടർന്നായിരുന്നു വെള്ള പേപ്പറിൽ ഒപ്പിട്ട് നൽകാൻ നിർദേശിച്ചത്. ഒപ്പിട്ട് നൽകിയ പേപ്പറിൽ യുവതിയുടെ മൊഴിയായി നിസ്സാര വകുപ്പിട്ട് കേസ് രജിസ്​റ്റർ ചെയ്തു. ഇതിനെ ചോദ്യം ചെയ്തായിരുന്നു യുവതി പൊലീസ് കംപ്ലയ്ൻറ് അതോറിറ്റിയെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസ് വനിതാ സെല്ലിന് കൈമാറി. കഴിഞ്ഞ ദിവസത്തിലുണ്ടായ അക്രമസംഭവത്തിലെ പ്രതിയെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വിവാദമായതോടെ റൂറൽ എസ്പി പി.കെ. മധു സ്​റ്റേഷനിലെത്തി വിശദീകരണം ചോദിച്ചു. മർദനത്തിനിരയായ യുവാവിൽനിന്ന്​ പരാതി സ്വീകരിക്കാത്തതിലും അറസ്​റ്റ്​ ചെയ്ത പ്രതിയെ വാറൻറ്​ നിലനിൽക്കെ ജാമ്യത്തിൽ വിട്ടയച്ചതിലും എസ്.ഐയുടെ ഭാഗത്തുനിന്ന്​ വീഴ്ചയുണ്ടായതായി കണ്ടെത്തി. എന്നാൽ, ഇത്രയധികം പരാതികളുണ്ടായിട്ടും എസ്.ഐക്കെതിരെ നടപടി സ്വീകരിക്കാത്തത് ഉന്നത രാഷ്​ട്രീയ ബന്ധം ഉള്ളതിനാലാണെന്ന്​ ആക്ഷേപമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.