വാടക സ്കാനിയകൾ മുടങ്ങുന്നു; വെട്ടിലായി യാത്രക്കാർ

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയുടെ വാടക സ്​കാനിയകൾ അപ്രതീക്ഷിതമായി മുടങ്ങിയതോ​െട അന്തർസംസ്ഥാന യാത്രക്കാർ വെട്ടിലായി. കൊല്ലൂരിൽനിന്ന്​ തിരുവനന്തപുരത്തേക്കുള്ള സർവിസാണ്​ രണ്ട്​ ദിവസത്തേക്ക്​ റദ്ദാക്കിയത്​. കരാറെടുത്ത കമ്പനി ബസ്​ നൽകാത്തതാണ്​ സർവിസ്​ മുടങ്ങാൻ കാരണമെന്ന്​​ കെ.എസ്​.ആർ.ടി.സി അധികൃതർ വിശദീകരിക്കുന്നു​. ആഴ്​ചാവസാനം നല്ല തിരക്ക്​ പ്രതീക്ഷിക്കുന്ന സമയത്താണ്​ സർവിസ്​ മുടക്കം. മുൻകൂട്ടി ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ യാത്രക്കായി തയാറെടുക്കു​മ്പോഴാണ്​ ബസ്​ റദ്ദാക്കിയെന്ന വിവരമെത്തുന്നത്​. പിന്നാലെ കെ.എസ്​.ആർ.ടി.സി ഉദ്യോഗസ്ഥർ നേരിട്ടും ബുക്ക്​ ചെയ്​തവരെ വിളിച്ചറിയിക്കുന്നുണ്ട്​. വണ്ടികൾ അറ്റകുറ്റപ്പണി മൂലം നൽകാൻ കഴിയില്ലെന്ന്​​ കമ്പനി അറിയിച്ചതായാണ്​ അധികൃതർ പറയുന്നത്​. പകരം അയക്കാൻ കെ.എസ്.ആർ.ടി.സിയുടെ കൈവശം പെർമിറ്റുള്ള ബസുകളുമില്ല. കോവിഡിനുശേഷം അന്തർസംസ്ഥാന സർവിസുകൾ സാധാരണ നിലയിലായിത്തുടങ്ങുന്ന ഘട്ടത്തിലാണ്​ കല്ലുകടിയായി സർവിസ്​ മുടക്കം. ഫാസ്​ടാഗ്​ ആക്​ടിവേറ്റ്​ ആകുന്നില്ലെന്ന കാരണത്താൽ ​മറ്റൊരു ബസും മുടങ്ങിയിട്ടുണ്ട്​. ഇതിനിടെ കാലഹരണപ്പെട്ട സൂപ്പർ ക്ലാസ്​ ബസുകൾ മാറ്റുന്നതിന് കരാർ വ്യവസ്ഥയിൽ 250 ബസുകൾ വാടകക്കെടുക്കാനുള്ള നടപടികളും കെ.എസ്​.ആർ.ടി.സി ആരംഭിച്ചു​. ഇതിൽ 10 എണ്ണം പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകളും 20 എണ്ണം എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. നിലവിൽ ഡ്രൈവറും ബസും കമ്പനിയും കണ്ടക്​ടറും ഇന്ധനവും കെ.എസ്​.ആർ.ടി.സിയും നൽകുംവിധമാണ്​ സ്​കാനിയകൾ വാടകക്കെടുത്തത്​. എന്നാൽ, ഇതിൽനിന്ന്​ വ്യത്യസ്​തമായി ഡ്രൈവറെയും കണ്ടെക്​ടറെയും കെ.എസ്.ആർ.ടി.സി തന്നെ നിയോഗിക്കുന്ന ഡ്രൈ ലീസ്​ വ്യവസ്ഥയിലാണ്​ ബസുകൾ​ വാടകക്കെടുക്കുന്നത്​. ബസ്​ മാത്രമായി ഉടമ വിട്ടുനൽകണം. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.