ശംഖുംമുഖം റോഡി​െൻറ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും -മന്ത്രി ആൻറണി രാജു

ശംഖുംമുഖം റോഡി​ൻെറ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും -മന്ത്രി ആൻറണി രാജു ശംഖുംമുഖം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡി​ൻെറ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രൂക്ഷമായ കടലാക്രമണം നിരന്തരമുണ്ടാകുന്ന സ്ഥലമായതിനാല്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ കോണ്‍ക്രീറ്റിലുള്ള ഡയഫ്രം മതിലാണ് നിര്‍മിക്കുന്നത്. വലിയതോപ്പ് മുതല്‍ പഴയ കോഫി ഹൗസ് വരെയുള്ള കടല്‍ത്തീരത്ത് പൈലിങ് നടത്തി 350 മീറ്റര്‍ നീളത്തിലും അര മീറ്റര്‍ വീതിയിലുമാണ് ഡയഫ്രം മതില്‍ നിര്‍മിക്കുന്നത്. ഡയഫ്രം മതിലി​ൻെറ നിര്‍മാണത്തിന് മുന്നോടിയായി ഗൈഡ് വാളി​ൻെറ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ചെറിയ വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ 6.39 കോടി രൂപയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ തുടരെ ഉണ്ടായ കടലാക്രമണം മൂലം അവശേഷിച്ച റോഡും നശിച്ചുപോയതിനാല്‍ പദ്ധതിചെലവ് വർധിച്ചു. അതിനാവശ്യമായ അധികതുക പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്​റ്റിറ്റ്യൂട്ട് ആണ് പുനര്‍നിര്‍മാണപദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നതിനാല്‍ കടലാക്രമണത്തെ അതിജീവിക്കാന്‍ കഴിയും. തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി ആൻറണി രാജു നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിര്‍മാണ കരാറുകാരായ യു.എൽ.സി.സി.എസി​ൻെറ പ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.