കടയുടെ മുന്നിൽ വ്യാജ ക്യൂ.ആർ കോഡ്​; വ്യാപാരികൾ ശ്രദ്ധിക്കണമെന്ന്​ പൊലീസ്​

വിഴിഞ്ഞം: വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിജിറ്റൽ പേമെന്‍റ്​ ക്യൂ.ആർ കോഡുകൾ പതിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പ് സംഭവങ്ങൾ ഉയർന്നുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി മേഖലയിലെ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയത്. സ്ഥാപനങ്ങൾക്ക് മുന്നിൽ പതിച്ച വ്യാപാരികളുടെ ക്യൂ.ആർ കോഡ്​ ചില തട്ടിപ്പ് സംഘങ്ങൾ ഇളക്കിമാറ്റുകയും പകരം തട്ടിപ്പുകാരുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യൂ.ആർ കോഡുകൾ പതിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നതായാണ്​ അറിവെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ സ്ഥാപനങ്ങൾക്ക് പുറത്ത് പതിപ്പിച്ചിരിക്കുന്ന ക്യൂ.ആർ കോഡ് മാറ്റുന്നതായിരിക്കും നല്ലത്​. തുക കൃത്യമായി സ്വന്തം അക്കൗണ്ടിലേക്ക് വരുന്നുണ്ടോയെന്ന്​ വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇത്തരത്തിൽ സംഭവം നടന്ന സാഹചര്യത്തിലാണ് വ്യാപാരികൾക്ക് നിർദേശവുമായി വിഴിഞ്ഞം പൊലീസ് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.