കലക്ടറേറ്റ് ജീവനക്കാരന്‍റെ അപകട മരണം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: കലക്ടറേറ്റ് ജീവനക്കാരനെ ടിപ്പർ ലോറി ഇടിച്ച്​ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കലക്ടറേറ്റ് അഗ്രികൾചറൽ വിഭാഗം മുൻ സൂപ്രണ്ട് രാധാകൃഷ്ണൻ നായർ (55) ടിപ്പർ ലോറി ഇടിച്ച മരിച്ച സംഭവത്തിൽ പ്രതിയായ ചിറയിൻകീഴ് അയന്തി പന്തുവിള കീഴേകുത്ത് വിളഭാഗം വീട്ടിൽ ഉണ്ണി എന്ന സുധിയെയാണ് (55) ശിക്ഷിച്ചത്​. തിരുവനന്തപുരം രണ്ടാം അഡീ.അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ജി. ഹരീഷിന്‍റേതാണ് ഉത്തരവ്. പിഴ തുക മരിച്ച രാധാകൃഷ്ണൻ നായരുടെ കുടുംബത്തിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2012 മാർച്ച്‌ 22 നായിരുന്നു സംഭവം. രാവിലെ 10.15 ഓടെ ജോലിക്ക് പോകാൻ വന്നതാണ് മരണപ്പെട്ട രാധാകൃഷ്ണൻ നായർ. കുടപ്പനക്കുന്ന്​ എസ്.ബി.ഐ ജങ്​ഷന് സമീപത്തായി നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് സ്കൂട്ടർ ഓടിച്ച് പോകാൻ ശ്രമിച്ച രാധാകൃഷ്ണൻ നായരുടെ പിറകിലൂടെ അമിത വേഗത്തിൽ പ്രതി ഓടിച്ച് വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു. ഇതിനെതുടർന്ന് നിലത്തു വീണ രാധാകൃഷ്ണൻ നായരുടെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് രാധാകൃഷ്ണൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കേസിൽ നിർണായകമായത് കെ.എസ്.ആർ.ടി.സി കണ്ടക്ടർ ജോസ് രാജിന്‍റെ മൊഴിയായിരുന്നു. സർക്കാറിന്​ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. പ്രേംകുമാർ. അഡ്വ. അരവിന്ദ് ബാബു എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.