കേരളത്തിലെ മികച്ച ബോക്സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം നൽകാം -മേരികോം

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്‍റെ അക്കാദമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത്​ പ്രമുഖ ബോക്‌സിങ് താരം മേരികോം. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ കേരളത്തില്‍നിന്ന്​ രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ താരങ്ങള്‍ വളര്‍ന്നുവരുന്നില്ല. കേരളത്തില്‍നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങള്‍ വന്നാല്‍ തന്‍റെ അക്കാദമിയില്‍ സൗജന്യ പരിശീലനം നൽകുമെന്നും മേരികോം അഭിപ്രായപ്പെട്ടു. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്നും നിലവില്‍ കൂടുതല്‍ ശ്രദ്ധ ജൂലൈ മാസത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണെന്നും അവര്‍ പറഞ്ഞു. ടൂര്‍ണമെന്‍റുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്​ കേരള ഗെയിംസ് പോലുള്ള കായിക മത്സരങ്ങള്‍ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ടോക്യോ ഒളിമ്പിക്‌സ് ഹോക്കി ടീം അംഗവും വെങ്കല മെഡൽ ജേതാവുമായ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. കേരളം കായിക തരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്ന് ടോക്യോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്റംഗ് പൂനിയ പറഞ്ഞു. ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്നും കിട്ടുന്ന അവസരങ്ങള്‍ പൂർണമായി ഉപയോഗപ്പെടുത്തണമെന്നും ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ രവി ദഹിയ അഭിപ്രായപ്പട്ടു. വാര്‍ത്തസമ്മേളനത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, എക്‌സിക്യൂട്ടിവ് അംഗം ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.