സർക്കാർ വാക്ക്​ പാലിച്ചില്ല: സർക്കാർ ഡോക്ടർമാർ വീണ്ടും നിസ്സഹകരണ സമരത്തിൽ

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകം പരിഹരിക്കുന്നതിൽ ​സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ച സാഹചര്യത്തിൽ ബഹിഷ്കരണ സമരം പുനരാരംഭിച്ച്​ സർക്കാർ ഡോക്ടർമാർ. ഞായറാഴ്ച മുതൽ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നിന്ന്​ വിട്ടുനിൽക്കുന്നതിനൊപ്പം എല്ലാവിധ അവലോകന യോഗങ്ങളും പരിശീലനങ്ങളും ബഹിഷ്കരിക്കുകയാണ്​. വി.ഐ.പി ഡ്യൂട്ടികൾ, സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങൾ എന്നിവയിലും പ​ങ്കെടുക്കില്ലെന്ന്​ കെ.ജി.എം.ഒ.എ ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞവർഷം ജനുവരിയിലെ ശമ്പള പരിഷ്കരണ ഉത്തരവിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ്​ വരുത്തി ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചതെന്ന്​ ഭാരവാഹികൾ ആരോപിക്കുന്നു. ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും നിൽപ്പ് സമരവും സെക്ര​േട്ടറിയറ്റ് ധർണയും വാഹന പ്രചാരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ജനുവരി 15ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ രേഖാമൂലം കെ.ജി.എം.ഒ.എക്ക് നൽകിയിരുന്നു. ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ്, 3:1 അനുപാതത്തിൽ സ്ഥാനക്കയറ്റം, റൂറൽ- ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധന എന്നിവയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു രേഖാമൂലമുള്ള ഉറപ്പ്. എൻട്രി കേഡറിലെ മെഡിക്കൽ ഓഫിസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സനൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങൾ ന്യായമാണെന്നും അനൂകൂല തീരുമാനമുണ്ടാകുമെന്നും രേഖാമൂലം വ്യക്തമാക്കിയിരുന്നു. തുടർന്നാണ്​ പ്രതിഷേധ പരിപാടികൾ മാറ്റി​െവച്ചത്. എന്നാൽ തികച്ചും അപലപനീയമാം വിധം നാളിതുവരെയായും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. സമാനതകളില്ലാത്ത ഈ അവഗണനക്കെതിരെയാണ്​ സമരം പുനരാരംഭിക്കുന്ന​തെന്നും ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.