തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷ പരിശീലനം ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്ച മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. രണ്ടായിരത്തോളം ഹൈസ്കൂളുകളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകള്‍ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍കൈറ്റ്സ് യൂനിറ്റുള്ള ഹൈസ്കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി മേയ് ഏഴ് മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സെഷനുകള്‍ ഉള്‍പ്പെടെ മൂന്ന് മണിക്കൂർ ദൈർഘ്യമാണ് പരിശീലനങ്ങൾക്ക്. സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ്, ഇന്റര്‍നെറ്റിൻെറ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‍വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' ഭാഗവും ചര്‍ച്ച ചെയ്യും. വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' ആണ് മൂന്നാം സെഷന്‍. ഇന്‍റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്‍റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ അവസാനിക്കുക. പരിശീലന പരിപാടിക്കായി 4000 അധ്യാപകരും 8000 കുട്ടികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിലധികം പരിശീലകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, സൈബർഡോം തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ സംബന്ധിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.