പി.എച്ച്.സിയിൽ പഞ്ചായത്ത് പ്രസിഡൻറിന്‍റെ മിന്നൽ പരിശോധന 

നേമം: അധികൃതരുടെ നിസ്സംഗത മൂലം വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ വിതരണം ചെയ്യേണ്ടുന്ന വാക്സിനാണ് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം 11 ഒാടെ പുനഃസ്ഥാപിച്ചത്. സർക്കാറിന്‍റെ ഔദ്യോഗിക നിർദേശപ്രകാരം ചൊവ്വാഴ്ചകളിൽ കോവിഷീൽഡും വ്യാഴാഴ്ചകളിൽ 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കൊവാക്സിനും ശനിയാഴ്ചകളിൽ കുട്ടികൾക്കുള്ള വാക്സിനുമാണ് വിതരണം ചെയ്തുവരുന്നത്. എന്നാൽ, പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ ഈ പതിവിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പലപ്പോഴും വാക്സിൻ വിതരണം തടസ്സപ്പെടുന്നുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡൻറ് ടി. ലാലി മുരളി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരുടെ വിശദീകരണം ചോദിച്ചിരുന്നുവെങ്കിലും ജീവനക്കാർ അവധിയായതിനാലാണ് വാക്സിൻ വിതരണം തടസ്സപ്പെടുന്നത് എന്നായിരുന്നു മറുപടി. ഇതിനെ തുടർന്ന് മൂലമൺ വാർഡ് മെംബർ സി. ഷിബു, ചൂഴാറ്റുകോട്ട വാർഡ് മെംബർ ഹരിപ്രിയ, കുണ്ടമൺഭാഗം വാർഡ് മെംബർ റോസ്​മേരി എന്നിവരും പഞ്ചായത്ത് പ്രസിഡൻറും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുകയും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വാക്സിൻ വിതരണത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ വീഴ്ച വരുത്തിയതിനെ തുടർന്ന് വാർഡ് മെംബർമാർ ഡി.എം.ഒ ഓഫിസ് സന്ദർശിക്കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി.എം.ഒ ഇടപെടുകയും അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറച്ചുനാളായി വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിൻ വിതരണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡൻറ് ലാലി മുരളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.