തിരുവനന്തപുരം: വിദ്വേഷ പ്രചാരണ നീക്കങ്ങൾ ശക്തമാകുന്ന കാലത്ത് സൗഹൃദത്തിന്‍റെ ഊഷ്മളത പകർന്ന് ഈദ് സംഗമം. വിദ്വേഷ പ്രചാരകർ വളരെ കുറഞ്ഞ പേർ മാത്രമാണെന്നും എല്ലാ മതത്തിലുംപെട്ട ഭൂരിഭാഗവും സ്നേഹവും സാഹോദര്യവും മാനവികതയും സൂക്ഷിക്കുന്നവരാണെന്നും സംഗമം വിലയിരുത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ട്രിവാൻഡ്രം കൾച്ചറൽ സെന്‍ററിലാണ് സംഗമം നടന്നത്. വർഗീയ ചേരിതിരിവിന്‍റെ അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെട്ട് ജാതിമത ചിന്തകൾക്കതീതമായി സ്നേഹവും സൗഹൃദവും സാഹോദര്യവും നിലനിർത്താൻ ശ്രമം വേണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. മൊത്തം സമൂഹം വിദ്വേഷം വെച്ചുപുലർത്തുന്നവരല്ല. പലപ്പോഴും അവർ നിശ്ശബ്ദരാകുന്നു. നല്ല ആളുകൾ എല്ലായിടത്തുമുണ്ട്. അത്തരം ആളുകളുടെ എണ്ണം വർധിക്കണം. വിദ്വേഷത്തിന്‍റെ കനലുകളെ വെള്ളമൊഴിച്ച് കെടുത്തണം. നല്ല ആശയങ്ങൾ നിലനിർത്താനുള്ള ത്യാഗമാണ് ഈദിന്‍റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെയും സൗഹൃദത്തിന്‍റെയും ഒരുപാട് ഓർമകൾ പഴയ തലമുറക്കുണ്ടെങ്കിലും പുതിയ തലമുറക്ക് എന്താണ് നൽകുന്നതെന്ന് സ്വാമി അശ്വതി തിരുനാൾ ചോദിച്ചു. അടുത്ത തലമുറയിലേക്ക് ഇത് പകരണം. മതം പാലും രാഷ്ട്രീയം വെള്ളവുമാണ്. രണ്ടും കൂടി കൂട്ടിക്കലർത്തിയാണ് ഇപ്പോഴത്തെ പ്രശ്നം. രാഷ്ട്രീയം ശുദ്ധജലമാണ്. പലതവണ കുടിക്കാം. അതിൽ പ്രത്യേക മതത്തിന്‍റെ നിറം പാടില്ല. മതത്തെ സ്വാധീനിക്കാൻ രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ മതവും ശ്രമിക്കുന്നതാണ് പ്രശ്നം. വർഗീയത പ്രചരിപ്പിച്ചാൽ ഏത് മതവും തകരും. മുസ്ലിം സമൂഹം വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എസ്. അമീൻ അധ്യക്ഷതവഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി മുൻ പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, മുസ്ലിം അസോസിയേഷൻ പ്രസിഡന്‍റ് നാസർ കടയറ, ഇ.എം. നജീബ്, പ്രഫ. തോന്നക്കൽ ജമാൽ, മെക്ക സംസ്ഥാന പ്രസിഡന്‍റ് പ്രഫ. അബ്ദുൽ റഷീദ്, ജമാൽ മുഹമ്മദ്, എ. സിയാവുദ്ദീൻ, സഫീർഖാൻ മന്നാനി, ഹലീം കണിയാപുരം, മഹേഷ് തോന്നക്കൽ, എസ്.എം. ബഷീർ, മധു കല്ലറ, കരമന ബയാർ, എ.എസ് നൂറുദ്ദീൻ, അലി അക്ബർ മൗലവി, എസ്. അമീൻ, നളിനാക്ഷൻ കല്ലറ, നൂർഷാ, അലി അക്ബർ കരമന, നദീർ കടയറ, ചക്കമല ഷാനവാസ്, എ.എം. റജീന, ഷാഫി, രഞ്ജിത, സബീന, നയീമ എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഹമീദ് മൗലവി ഖിറാഅത്ത് നടത്തി. ജെ.കെ. ഹസീന സമാപനം നിർവഹിച്ചു. മുർഷിദ് അഹമ്മദ് സ്വാഗതവും ജില്ല സെക്രട്ടറി നസീർഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.