പോത്തൻകോട്: പോത്തൻകോട് ഗുണ്ടാ കുടിപ്പകയിൽ യുവാവിനെ പട്ടാപ്പകൽ ഒളിസങ്കേതത്തിലെത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ 32 കാരൻ ഒട്ടകം രാജേഷിന് 28 ലേറെ കേസുകൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. എന്നാൽ, നാളിതുവരെ ഒന്നിൽപോലും ശിക്ഷ അനുഭവിച്ചിട്ടില്ല. ചില കേസുകളിൽ വിചാരണ നടപടികൾ തുടരുന്നുണ്ട്. ചില കേസുകളിൽ റിമാൻഡിലായി ജയിലിൽ ഏതാനും ദിവസം മാത്രമാണ് കിടന്നത്. വധശ്രമം, വീടുകയറി അക്രമം, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങലിൽ രണ്ട് വധശ്രമക്കേസും ഒരു ഡസനിലേറെ അടിപിടി, കഞ്ചാവ്, വധഭീഷണി കേസുകളുമുണ്ട്. കഠിനംകുളം സ്റ്റേഷനിൽ 2004 ൽ കൊലക്കേസിൽ നാലാം പ്രതിയാണ്. മറ്റ് നാല് കേസുകളുമുണ്ട്. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ 2014 ൽ പോത്തൻകോട് ഷാജിസ് മൊബൈൽ ഷോപ്പ് ഉടമയുടെ അനുജൻെറ കൈവെട്ടിയ കേസിൽ പ്രതിയാണ്. ഏഴുവർഷം പിന്നിട്ടിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല. ആക്രമണത്തിനിരയായ പോത്തൻകോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പോത്തൻകോട് പരിധിയിൽ വധശ്രമം, ആയുധം കൈവശംവെക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഒട്ടകം രാജേഷിന് കൂടുതൽ കേസുള്ളത് ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലാണ്. 2014ൽ വധശ്രമം, 2017ൽ വീടുകയറി അക്രമം, 2018ലും 2019ലും കാപ പ്രകാരമുള്ള കേസ് തുടങ്ങി 12 ഓളം കേസുകളുണ്ട്. അബ്കാരി മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും പിൻബലം കാരണമാണ് പൊലീസ് നടപടിയുണ്ടാകാത്തത്. ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽവീട് സ്വദേശിയാണ്. പോത്തൻകോട് ചാത്തമ്പാട് മറ്റ് രണ്ട് പ്രതികളെ പിടികൂടുംവരെ ഉണ്ടായിരുന്ന ഒട്ടകം രാജേഷ് അവിടെനിന്ന് ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തി. ഓട്ടോയിൽ വെഞ്ഞാറമൂട് എത്തിയ രാജേഷ് അപ്രത്യക്ഷനായെന്നാണ് അവസാനം ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.