ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ ജാഗറി 387 സ്ഥാപനങ്ങളിൽ പരിശോധന, 101 സാമ്പിളുകള്‍ ശേഖരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'ഓപറേഷന്‍ ജാഗറി' എന്ന പേരിൽ പ്രത്യേക പരിശോധന തുടങ്ങി. വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍കഴിഞ്ഞ മൂന്നു​ ദിവസസങ്ങളിലായി 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 88 സര്‍​വൈലന്‍സ് സാമ്പിളും 13 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍നിന്നും ഉൽപാദിപ്പിക്കുന്ന ശര്‍ക്കരയാണ് 'മറയൂര്‍ ശര്‍ക്കര' എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്‍റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരക്ക്​ ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍, ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനു​ പുറമേ, ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി രണ്ടു​ ദിവസങ്ങളിലായി 199 പരിശോധനകള്‍ നടത്തി. 136 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മണലൂര്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആറ്റിങ്ങല്‍, കല്ലമ്പലം എന്നീ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 402 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 4088 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 3214 പരിശോധനകളില്‍ 1309 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.