അഞ്ചുതെങ്ങിൽനിന്ന് 9600 കിലോ പഴകിയ മത്സ്യം പിടികൂടി

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽനിന്ന്​ 9600 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത്​ നശിപ്പിച്ചു. മൂന്ന് കണ്ടെയ്നർ മത്സ്യമാണ് നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പോസ്റ്റ്‌ ഓഫിസിന് എതിർവശം പ്രവർത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ മത്സ്യലേല ചന്തയിൽനിന്ന്​ പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായായിരുന്നു പരിശോധന. അഞ്ചുതെങ്ങ് സ്വദേശികൾ വാങ്ങിയ മത്സ്യങ്ങളിൽ പുഴു കണ്ടതായി പരാതി ഉയർന്നിരുന്നു. തുടർന്നായിരുന്നു പരിശോധന. മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തവിധം പഴകിയതാണെന്ന് കണ്ടെത്തി. തുടർന്ന് ഇവ നശിപ്പിച്ചു. പഞ്ചായത്ത് ഓഫിസിന്​ എതിർവശത്ത് എക്സ്കവേറ്റർ ഉപയോഗിച്ച് വലിയ കുഴികൾ എടുത്താണ് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചത്. വലിയതോതിലുള്ള മാംസ്യമാലിന്യമായതിനാൽ ഇവ അഴുകി ദുർഗന്ധം വമിക്കാൻ സാധ്യതയുണ്ട്. ഇത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു. ചൂര, കൊഴിയാള, വാള, നെത്തോലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് മൂന്ന് കണ്ടെയ്നർ വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്തത്. രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽനിന്നുൾപ്പെടെ ലഭിക്കുന്ന മത്സ്യം ഏറക്കുറെ പൂർണമായും കയറ്റുമതിക്കാർ വാങ്ങിക്കൊണ്ട് പോകും. അഞ്ചുതെങ്ങ് തീരത്തുനിന്ന്​ മത്സ്യവിപണനത്തിനും പോകുന്നവർ കൂടുതലും മൊത്ത വിതരണ ഏജൻറുമാരിൽനിന്നാണ് മത്സ്യം എടുക്കുന്നത്. ചെന്നൈ, തൂത്തുക്കുടി, മുംബൈ പോർട്ടുകളിൽനിന്നുള്ള മത്സ്യമാണ് ഇവിടെ എത്തിക്കുന്നത്. പോർട്ടുകളിൽനിന്ന്​ വിദേശത്തേക്ക് കയറ്റി അയക്കുന്നവയിൽ നിലവാരമില്ലാത്ത കണ്ടെയ്നർ അവർ തിരിച്ചയക്കും. ഇത്തരത്തിൽ തിരിച്ചുവരുന്ന മത്സ്യത്തിന്​ മാസങ്ങളുടെ പഴക്കമുണ്ടാകും. ഇവ ഫോർമാലിൻ ഉൾപ്പെടെ രാസവസ്തുക്കൾ ചേർത്ത് കുറഞ്ഞ വിലക്ക് ആഭ്യന്തര ചെറുകിട കച്ചവടക്കാർക്ക് നൽകും. ഇങ്ങനെ വിൽക്കാൻ ശ്രമിക്കവെയാണ് റെയ്ഡും പിടിച്ചെടുക്കലും നടന്നത്. തീരവാസികളായ മത്സ്യവിപണന സ്ത്രീകളാണ് കൂടുതലും ഇത്തരം മത്സ്യം വാങ്ങി വിൽക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ കൂടുതൽ വിശ്വാസയോഗ്യമായി വാങ്ങി ഉപയോഗിക്കുകയും ചെയ്യും. പിടിച്ചെടുത്തതിന്‍റെ അത്രയും തന്നെ മത്സ്യശേഖരം മണിക്കൂറുകൾക്കുള്ളിൽ ഇവർ കച്ചവടക്കാർക്ക് വിറ്റിരുന്നു. Twatl malsyam അഞ്ചുതെങ്ങിൽനിന്ന്​ പിടിച്ചെടുത്ത പഴകിയ മത്സ്യം കുഴിച്ചുമൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.