ഓണാഘോഷനടത്തിപ്പിന് 12 കമ്മിറ്റികൾ; കനത്ത സുരക്ഷാക്രമീകരണങ്ങൾ

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ നടത്തിപ്പിനായി 12 കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. റിസപ്ഷന്‍ കമ്മിറ്റിയും വളന്‍റിയര്‍ കമ്മിറ്റിയും ഇത്തവണ പുതുതായി രൂപവത്കരിച്ച കമ്മിറ്റികളില്‍പ്പെടും. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കമ്മിറ്റി നഗരത്തിലെത്തുന്ന ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സിസിടിവി കാമറകള്‍ സ്ഥാപിക്കും.

ഫയര്‍ഫോഴ്സിന്‍റെ സേവനം എല്ലാ പ്രധാന വേദികളിലും ലഭ്യമാകും. മെഡിക്കല്‍സംഘത്തിന്‍റെ സേവനം കനകക്കുന്നില്‍ എല്ലാ ദിവസവും ഉണ്ടാകും.മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ ഓഫിസ് കനകക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ചുള്ള മികച്ച റിപ്പോര്‍ട്ടിങ്ങിന് പ്രത്യേക പുരസ്കാരം നല്‍കും. അച്ചടി, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍, എഫ്.എം- മീഡിയ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടത്തുക. ഇതിനായി ശുചിത്വമിഷന്‍ ഡയറക്ടര്‍ ചെയര്‍മാനായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുണ്ട്.

ഓണാഘോഷം നടക്കുന്ന പ്രധാന വേദികളില്‍ പ്രത്യേക പരിശീലനം ലഭിച്ച 250 വളന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവര്‍ക്ക് പ്രത്യേക യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകും. ഇവരോടൊപ്പം പുതുതായി രൂപവത്കരിച്ച ടൂറിസം ക്ലബ് അംഗങ്ങളുടെ സേവനവും പ്രധാന വേദികളില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 12ന് വൈകീട്ട് അഞ്ചിന് വെള്ളയമ്പലം മുതല്‍ കിഴേക്കകോട്ട വരെയുള്ള വര്‍ണശബളമായ ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനമാകും. ഇന്ത്യയുെടയും കേരളത്തിെന്‍റയും വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും.

Tags:    
News Summary - 12 committees for conducting Onam celebrations; Heavy security arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.