തിരുവനന്തപുരം: കാലടിയിൽ പോസ്റ്ററിൽ ചാരിനിന്ന പതിനാലുകാരനെ മർദിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമിഷൻ. രാഷ്ട്രീയ പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നതു തെറ്റാണെന്നും പൊലീസിനോടും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്നും കമിഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. മർദനമേറ്റ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയായിരുന്നു കുട്ടിയെ ആക്രമിച്ചത്.
‘രാഷ്ട്രീയ പ്രവർത്തകർ എല്ലാ ജനങ്ങളുടെയും അഭയകേന്ദ്രം ആകേണ്ടവരാണ്. അത്തരമാളുകൾ ഒരു കൊച്ചുകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. കമിഷൻ സ്വമേധയാ ഇക്കാര്യത്തിൽ കേസെടുക്കും.
പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടും. കുട്ടിക്ക് ഭയമുണ്ടെന്നും കൗൺസിലിങ് ആവശ്യമുണ്ടെന്നും മനസ്സിലാക്കുന്നു. ഇതുകൊടുക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്’- കെ.വി. മനോജ്കുമാർ പറഞ്ഞു.
തമിഴ് ബാലനായ കുട്ടി സംഭവദിവസം, അവർ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു മുന്നിലെ മതിലിൽ ചാരിനിൽക്കുകയായിരുന്നു. മതിലിൽ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ചിത്രമുള്ള പോസ്റ്ററുണ്ടായിരുന്നു. ആ സമയത്ത് അവിടെയെത്തിയ ബി.ജെ.പിയുടെ പ്രാദേശിക നേതാവ്, കുട്ടി പോസ്റ്ററിൽ ചാരിനിന്നതിന്റെ പേരിൽ മർദിച്ചു.
ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് കുടുംബം പിൻവലിച്ചു. പിന്നാലെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടുകാരും ബാലാവകാശ കമിഷന് പരാതി നൽകിയിരുന്നു. ഇതോടെയാണ് കമിഷൻ കുട്ടിയെയും കുടുംബത്തെയും സന്ദർശിച്ചത്.
കുട്ടിയെ നേരിൽക്കണ്ട് കമിഷൻ അധ്യക്ഷൻ വിവരങ്ങൾ ആരാഞ്ഞു. ഇതുസംബന്ധിച്ച് പൊലീസിനോടും മറ്റും കൃത്യമായ നിർദേശം ബാലാവകാശ കമിഷൻ നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകണമെന്നും കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കൂടി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.