തിരുവനന്തപുരം: കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽനിന്ന് സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയിൽനിന്ന് നിയമവിരുദ്ധമായി ഈടാക്കിയ 1.43 ലക്ഷം രൂപ തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.
കലക്ടറേറ്റിൽനിന്ന് റഫർ ചെയ്യുന്ന രോഗിയിൽനിന്ന് എംപാനൽഡ് ആശുപത്രികൾ ചികിത്സാ ചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ കമീഷനെ അറിയിച്ചു. എന്നാൽ, ഇൗ തുക തിരികെ നൽകാനാകില്ലെന്നാണ് പോത്തൻകോട് ശുശ്രുത ആശുപത്രിയുടെ നിലപാട്. പരാതിക്കാരനായ വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി.എച്ച്. ആനന്ദിെൻറ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതൽ ആറുദിവസം ചികിത്സിച്ചത്.
ആശുപത്രിയെ എംപാനൽ ചെയ്യാൻ മേയ് 14 നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മേയ് 21 ന് മാത്രമാണ് എം.പാനൽ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എം. പാനൽ ചെയ്ത് കിട്ടുന്നതിന് മുമ്പ് സർക്കാർ നിർദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സ സൗജന്യം നൽകാനാകില്ലെന്നാണ് ആശുപത്രിയുടെ നിലപാടെന്ന് ജില്ല മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. ആശുപത്രിയുടെ വിശദീകരണം സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി പരിശോധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കലക്ടറേറ്റിൽനിന്നുള്ള നിർദേശപ്രകാരമാണ് രോഗിയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.