തിരുവനന്തപുരം: വെള്ളിത്തിരയിലെത്തി ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും തിളക്കം കുറയാതെ നീലക്കുയിൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തി. ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും യാഥാർഥ്യം പറഞ്ഞ് മലയാള സിനിമക്ക് പുതുചരിത്രം കുറിച്ച ‘നീലക്കുയിൽ സിനിമ’ റിലീസായതിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് നാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത്.
ടാഗോർ തിയറ്ററിലെ നിറഞ്ഞുകവിഞ്ഞ സദസ് നീലക്കുയിലിന്റെ സ്വീകാര്യതക്ക് തെളിവായി. ആർ.എസ് മധുവിന്റെ രചനയിൽ സംവിധായകനും എഴുത്തുകാരനുമായ സി.വി പ്രേംകുമാർ ഒരുക്കിയ നാടകത്തിൽ ശ്രീധരൻ മാഷായി ഫോട്ടോ ജേണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയായി നർത്തകി സിതാര ബാലകൃഷ്ണനും നിറഞ്ഞാടി. എയർപോർട്ട് അതോറിട്ടി ജോയിന്റ് ജി.എമ്മും സീരിയൽ താരവുമായ സജനചന്ദ്രൻ, നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ, റിട്ട. അധ്യാപികയും അമച്വർ നാടക ആർട്ടിസ്റ്റുമായ റജുല മോഹനൻ, അധ്യാപികയായ ശ്രീലക്ഷ്മി, നടൻ മഞ്ജിത്ത്, റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ശങ്കരൻകുട്ടി നായർ, വഴുതക്കാട് ചിൻമയസ്കൂൾ വിദ്യാർത്ഥി കാശിനാഥൻ എന്നിവരാണ് അമച്വർ നാടക സംഘടനയായ തിയേറ്റർ ഓൺ ടുഡേയുടെ ബാനറിൽ ഒരുങ്ങിയ നാടകത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1954ൽ പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് സത്യനും മിസ് കുമാരിയും പി. ഭാസ്കരനും വിപിൻ മോഹനും പ്രേമയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നീലക്കുയിൽ ചന്ദ്രതാര പിക്ചേഴ്സിന്റെ ബാനറിൽ ടി.കെ പരീക്കുട്ടിയാണ് നിർമിച്ചത്. അന്ന് മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായ ചിത്രത്തിന് രചന നിർവഹിച്ചത് ഉറൂബായിരുന്നു.
സംഗീത സംവിധായകനായി രാഘവൻ മാഷ് തുടക്കം കുറിച്ച നീലക്കുയിലിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. 70 വർഷം മുൻപ് നിലനിന്നിരുന്ന ജാതി ചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും പരോക്ഷമായി ഇപ്പോഴും നിലനിൽക്കുന്നതിനാൽ നീലക്കുയിൽ കാലാതീതമായ ഒരു കഥയാണെന്ന് നാടകത്തിന്റെ വിജയം തെളിയിച്ചു. നാടകത്തിന് സംഗീതം ഒരുക്കിയത് അനിൽ റാമും രംഗപടം അജിൻ കൊട്ടാരക്കരയും പ്രകാശസംവിധാനം എ.ഇ. അഷ്റഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.