തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ ദിവസങ്ങളിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന് സമീപം സുരക്ഷിതമായ വാഹന നിയന്ത്രണം ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത പൊലീസ് ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗത്തിലാണ് തീരുമാനം.
സെക്രട്ടറിയേറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക് പൊലീസ് പട്രോളിങ് ഏർപ്പെടുത്തും.
വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ദിവസം 250ഓളം ബസുകൾ നഗരത്തിൽ എത്താൻ സാധ്യതയുണ്ട്. നൂറു കണക്കിന് മറ്റുവാഹനങ്ങളും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ഇത് മുന്നിൽകണ്ട് പാർക്കിങ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും.
1300 ഓളം വളണ്ടിയർമാർ ഓരോ ദിവസവും സേവനത്തിനായി എത്തും. പൊലീസ്, മെഡിക്കൽ വകുപ്പ്, ഗ്രീൻ പ്രോട്ടോകോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. മത്സരാർഥികളെയും വളണ്ടിയർമാരെയും മറ്റും കൊണ്ടുവരുന്നതിനായി തെരഞ്ഞെടുത്ത ബസ് ഡ്രൈവർമാർക്കും പരിശീലനം നൽകും.
മത്സരം കാണാനെത്തുന്ന കുട്ടികൾ കൂട്ടംതെറ്റി മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ബീച്ച് പോലുള്ള സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും. ബുധനാഴ്ച നാല് മണിക്ക് പാളയം മുതൽ എസ്.എം.വി. സ്കൂൾ വരെ വിളംബര ജാഥ നടക്കുമ്പോഴും വെള്ളിയാഴ്ച സ്വർണ്ണകപ്പ് ഘോഷയാത്രക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തും.
മത്സര വേദികളിൽ ഹസാർഡ് അനലിസ്റ്റിന്റെ പരിശോധന നടത്തുകയും ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യും. മയക്കുമരുന്നിന് എതിരായ നടപടികൾ കൂടുതൽ ശക്തമാക്കും. ഭക്ഷണപ്പുര സ്ഥാപിച്ച പുത്തരിക്കണ്ടം മൈതാനിയിലും പരിസരത്തും ഗതാഗതകുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുന്നിറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും സ്വകാര്യ ബസ് ഡ്രൈവർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകും. എല്ലാ വേദികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ഒരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സിറ്റി പോലീസ് കമീഷണർ സ്പർജൻ കുമാർ, ഡെപ്യൂട്ടി കമീഷണർ ബി.വി. വിജയ് ഭാരത് റെഡ്ഡി, ജില്ല കലക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.