തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ബീമാപള്ളിയിലെ കുട്ടികൾക്ക് നിഷേധിച്ച് തിരുവനന്തപുരം കോർപറേഷൻ. സംസ്ഥാന മനുഷ്യാവകാശ കമീഷന്റെയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും ഉത്തരവുകൾ കാറ്റിൽപറത്തിയാണ് ബീമാപള്ളി നഴ്സറി സ്കൂളിലെ 30 കുട്ടികളെ രണ്ടര മാസമായി സ്കൂളിലെ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ കോർപറേഷൻ വീട്ടിലിരുത്തിയിരിക്കുന്നത്. സ്കൂൾ മുന്നറിയിപ്പില്ലാതെ കോർപറേഷൻ അടച്ചുപൂട്ടിയതോടെ വരുന്ന അധ്യയനവർഷം മുതൽ പതിനായിരങ്ങൾ മുടക്കി മക്കളെ സ്വകാര്യ സ്ഥാപനങ്ങളിലയച്ച് പഠിപ്പിക്കേണ്ട ഗതികേടിലാണ് കടലോരമേഖലയിലെ നിർധന രക്ഷിതാക്കൾ.
കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബീമാപള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് മത്സ്യഭവൻ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഒറ്റമുറി സ്കൂളിലെ ബാലാവകാശ നിഷേധങ്ങൾ പൊതുസമൂഹം അറിഞ്ഞത്. വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും ജില്ല ശിശു സംരക്ഷണ ഓഫിസറും ജില്ല മെഡിക്കൽ ഓഫിസറും നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ആറുവയസുവരെയുള്ള കുഞ്ഞുകൾ പഠിക്കുന്ന സ്കൂളിൽ പഠനസാമഗ്രികളായി യാതൊന്നും കോർപറേഷൻ നൽകിയിരുന്നില്ല. പലതും അധ്യാപിക സ്വന്തം ചെലവിൽ വാങ്ങിയതായിരുന്നു . ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾക്ക് ഉറങ്ങാനാവശ്യമായ പായ പോലും ഉണ്ടായിരുന്നില്ല. പ്രീ പ്രൈമറി പഠനരീതി പൂർണമായും കളികൾക്ക് ഊന്നൽ കൊടുക്കുന്നതായിരിക്കെ ഈ സ്കൂളിലെ കരുന്നുകൾക്ക് അഞ്ചുവർഷമായി കളിപ്പാട്ടമോ കളിസ്ഥലമോ ഇല്ല. നഴ്സറി സ്കൂൾ കാലഘട്ടം സ്വഭാവരൂപവത്കരണത്തിന്റെയും നല്ല ശീലങ്ങളുടെയും അടിസ്ഥാനമെന്നിരിക്കെ, കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സ്ഥലമോ കൈകഴുകാൻ പൈപ്പുകളോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശൗചാലയമോ കുടിക്കാൻ ശുദ്ധജലമോ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിക്ക് സമീപം വലിയ മാലിന്യക്കൂനയായിരുന്നു. ഈച്ചകളും പുഴുക്കളും കൊതുകുകളും നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വിദ്യാർഥികൾ പഠിച്ചത്. മാലിന്യനിക്ഷേപത്തെ തുടർന്ന് കുട്ടികളിൽ പലരും അസുഖബാധിതരായെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ പരിശോധയിൽ കണ്ടെത്തി. തുടർന്നാണ് ക്ലാസ് മുറിക്ക് സമീപത്തെ ആകാശവാണി കോമ്പൗണ്ടിലെ 40 ടൺ മാലിന്യം അടിയന്തരമായി നീക്കാനും കെട്ടിടം നവീകരിക്കാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒക്ടോബർ നാലിന് തിരുവനന്തപുരം കോർപറേഷന് നിർദേശം നൽകിയത്.
കെട്ടിട നവീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ മത്സ്യഭവന്റെ ഒന്നാംനില ആദ്യം നവീകരീക്കണമെന്നും പണി പൂർത്തിയാക്കി ഇവിടേക്ക് കുട്ടികളെ മാറ്റിയശേഷമേ താഴത്തെ നിലയിലുള്ള ക്ലാസ് മുറി നവീകരിക്കാവൂവെന്നുമായിരുന്നു ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദിന്റെ ഉത്തരവ്. ക്ലാസ് മുറി നവീകരണം പൂർത്തിയാകുന്നതുവരെ ഒന്നാംനില താൽക്കാലിക ക്ലാസ് മുറിയായി ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, കോർപറേഷൻ അധികാരികളുടെ പിടിപ്പുകേടിനെതിരെ അതോറിറ്റിക്ക് മുന്നിൽമൊഴി നൽകിയ സ്കൂൾ അധ്യാപിക ജിഷയെ കോർപറേഷൻ സസ്പെൻഡ് ചെയ്യുകയാണുണ്ടായത്. പിന്നാലെ സ്കൂളിലെ രണ്ട് ആയമാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റി. ഒക്ടോബർ 13ന് സ്കൂൾ അടച്ചുപൂട്ടി. കുട്ടികൾക്ക് പഠനം തുടരാൻ താൽക്കാലിക സംവിധാനം ഒരുക്കാതെയായിരുന്നു ഈ ബാലാവകാശ നിഷേധം.
നഴ്സറി സ്കൂളിന് സമീപത്തെ കോർപറേഷന്റെ മാലിന്യക്കൂന നീക്കംചെയ്യണമെന്ന മനുഷ്യാവകാശ കമീഷന്റെ ഉത്തരവിന് പുല്ലുവില. ‘മാധ്യമം’ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ നാലുദിവസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 27നാണ് ഉത്തരവിറക്കിയത്. മാലിന്യം ചാക്കിൽ കെട്ടി കൂട്ടിയിട്ടതല്ലാതെ പൂർണമായി മാറ്റാൻ ഇതുവരെ അധികാരികൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.