തിരുവനന്തപുരം: ജില്ലയുടെ ദീർഘകാല അഭിലാഷങ്ങളും പ്രതീക്ഷകളും പലതും സഫലമാകാതെ ഒരു വർഷം കൂടി വിടപറയുന്നു. സ്മാർട്ട്സിറ്റി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതും വിഴിഞ്ഞത്ത് കപ്പൽ അണഞ്ഞതും തലസ്ഥാന നഗരിക്ക് അഭിമാനത്തിന് വക നൽകുന്നുണ്ടെങ്കിലും ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബാത്ത്റൂമിൽ മരിച്ചനിലയിൽ കാണപ്പെട്ട സിദ്ധാർഥും ഒരു വേദനയായി നിൽക്കുന്ന വർഷം കൂടിയാണ് കടന്നുപോകുന്നത്. തലസ്ഥാനത്തിന് പുതിയ എം.പിമാരായി ശശിതരൂരും അടൂർ പ്രകാശും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വർഷം കൂടിയാണ്. രാഷ്ട്രീയപ്രതിസന്ധികൾക്കും ധനപ്രതിസന്ധിക്കുമിടയിൽപ്പെട്ട് ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ള പല പദ്ധതികളും എങ്ങുമെത്താതെ നിൽക്കുമ്പോഴും അടുത്ത വർഷം എല്ലാം ശരിയാകുമെന്ന ശുഭപ്രതീക്ഷയോടെ തിരുവനന്തുപരം പുതുവർഷത്തെ വരവേൽക്കുകയാണ്.
2024ലെ തലസ്ഥാനത്തെ പ്രധാനപ്പെട്ട ചില സംഭവങ്ങളിലേക്ക്...
- വിഴിഞ്ഞത്ത് ആദ്യ കപ്പലായി 8000-9000 ടി.ഇ.യു (ഇരുപത് അടിക്ക് തുല്യമായ യൂനിറ്റ്) ശേഷിയുള്ള ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നുള്ള എം.വി സാൻ ഫെർണാണ്ടോ വന്നടുത്തു.
- ഒറ്റക്കാലുള്ള വിളപ്പിൽശാല സ്വദേശി ശ്യാം 12,000 അടി ഉയരത്തിൽ ആകാശപ്പറക്കൽ നടത്തി ചരിത്രം കുറിച്ചു
- കുടപ്പനക്കുന്ന് ദൂരദർശനിൽ കൃഷിദർശൻ പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ളാനിങ് ഡയറക്ടർ അനി എസ്. ദാസ് കുഴഞ്ഞുവീണ് മരിച്ചു.
- സ്മാർട്ട് സിറ്റിയുടെ പേരിൽ നീണ്ടുപോകുന്ന റോഡുപണി. മഴയിൽ അപകടക്കെണിയായി മാറുന്ന റോഡുപണിക്കായി എടുത്തിട്ട കുഴികളിൽ പ്രതിപക്ഷ കൗൺസിലർമാർ മണ്ണിട്ട് മൂടി പ്രതിഷേധം പ്രകടമാക്കി.
- നീണ്ടുപോയ സ്മാർട്ട് റോഡിന്റെ ആദ്യഘട്ടം പൂർത്തിയായതും 2024ലാണ്.
- റോഡ് ഗതാഗതയോഗ്യമായപ്പോൾ കുടിവെള്ളത്തിനായി നഗരവാസികൾ നട്ടം തിരിയുന്നതും 2024ൽ കണ്ടു. അതിന്റെ പേരിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും പോരാട്ടങ്ങളും.
- നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗം സർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് ഒന്നര മിനിട്ടിൽ അവസാനിപ്പിച്ച് ഗവർണർ
- ഗവർണർക്കു നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് എസ്.എഫ്.ഐ
- എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ റോഡിൽ കുത്തിയിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
- അഞ്ച് വർഷവും മൂന്നുമാസവും നീണ്ട കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് യാത്ര പറ ഞ്ഞതും 2024ന്റെ അവസാനത്തിലാണ്.
- കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ ആദ്യ എഐ അധ്യാപിക ഐറിസ് എത്തി.
- റോഡരികിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന രണ്ടരവയസുകാരിയായ നാടോടി ബാലികയെ ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി, 17 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ തിരികെ ലഭിച്ചു.
- അമ്മയുടെ മർദ്ദനത്തിൽ പ്രതിഷേധിച്ച് വീട് വിട്ടുപോയ അസമീസ് പെൺകുട്ടിയെ 36 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി. പെൺകുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്.
- മാലിന്യനീക്കത്തിനിടെ ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ശുചീകരണത്തൊഴിലാളി ജോയിക്കായി സജീവമായ തെരച്ചിലുകൾ നടന്നെങ്കിലും മൂന്നു ദിവസങ്ങൾക്കു ശേഷം ജോയിയുടെ മൃതദേഹമാണ് കണ്ടെത്താനായത്.
- മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി സ്നേഹാരാമങ്ങൾ പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കമിട്ടു.
- ലോക്സഭ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം എം.പിയായി ശശി തരൂരും ആറ്റിങ്ങൽ എം.പിയായി അടൂർ പ്രകാശും തെരഞ്ഞെടുക്കപ്പെട്ടു.
- പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റൽ ബാത്ത്റൂമിൽ വിദ്യാർഥിയും നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർഥിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കേരള മനഃസാക്ഷിയെത്തന്നെ ഞെട്ടിപ്പിച്ചതായിരുന്നു.
- തൊഴിൽതേടിപ്പോയി റഷ്യയിൽ യുദ്ധമുഖത്ത് അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് തിരികെ എത്തിയത് യുദ്ധത്തിന്റെ ദുരന്തഭീതിമായ ഓർമകളുമായാണ്
- മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതും ഡ്രൈവർ യദുവുമായി വാക്കേറ്റമുണ്ടായതും വൻ വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവർ യദുവിനെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.
- ടൂറിസം മേഖലക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി ആക്കുളത്ത് പണിത കണ്ണാടിപ്പാലം ഉദ്ഘാടനത്തിനു മുമ്പുതന്നെ തകർന്നത് വിവാദമായി.
- തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വാർഡ് വിഭജനം നടന്നത് പ്രതിപക്ഷ ബഹളത്തിലും പരാതികളിലും കലാശിച്ചു. ഒരു വാർഡ് പുതുതായി കൂട്ടിച്ചേർക്കുന്നതിനായി പ്രതിപക്ഷ വാർഡുകൾ പൊളിച്ചുമാറ്റിയതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.
- കോളറയും നിപയും വീണ്ടും എത്തിനോക്കിയ വർഷം കൂടിയായിരുന്നു 2024. കോളറ രോഗം വലിയ തോതിൽ പടർന്നുപിടിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞു.
- ഡോ. എം.എസ് വല്യത്താൻ, സംവിധായകൻ ഹരികുമാർ, നിർമാതാവ് ഗാന്ധിമതി ബാലൻ, നിർമാതാവും സംവിധായകനുമായ അരോമ മണി, മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ, ആകാശവാണി അവതാരകനായ രാമചന്ദ്രൻ, നടി കനകലത, ഭൗമശാസ്ത്രജ്ഞനായ ഡോ. വി. ശശികുമാർ, പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം തുടങ്ങി നിരവധി പ്രമുഖരെ നഷ്ടമായ വർഷം കൂടിയാണിത്.
- അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മലയാളി ദമ്പതികളായ നവീൻ, ദേവി, സുഹൃത്ത് ആര്യ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയതും അതിനു പിന്നിലെ ബ്ളാക്മാജിക് വിഷയങ്ങളും ഏറെനാൾ ചർച്ച ചെയ്യപ്പെട്ടതും കഴിഞ്ഞ വർഷമാണ്.
- ശക്തമായ കാലവർഷം അനന്തപുരിയെ വലച്ച വർഷം കൂടിയാണ് കടന്നുപോയത്.
- മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും പ്രതിവിധി ഒരുക്കാൻ സർക്കാർ തയാറാകാത്തതിൽ പല പ്രതിഷേധങ്ങളും പോരാട്ടങ്ങളും നടന്നു.
- വഞ്ചിയൂരിൽ സി.പി.എം സമ്മേളനത്തിനായി റോഡ് കെട്ടിയടച്ച് സ്റ്റേജ് നിർമിച്ചത് കോടതി കയറിയ സംഭവമാണ്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്തെന്ന പൊലീസ് ന്യായത്തെ രൂക്ഷമായി കോടതി വിമർശിച്ചിരുന്നു. ഒടുവിൽ നടപടിയിൽ ജില്ല സെക്രട്ടറി തങ്ങൾക്ക് തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞു.
- കേരള രാഷ്ട്രീയത്തിലെ പ്രധാനി എ.കെ ആന്റണി ശതാഭിഷിക്തനായ വർഷം കൂടിയാണ് കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.