തിരുവനന്തപുരം: നാപ്റ്റോൾ ഓൺലൈൻ ഷോപ്പിങ് സൈറ്റിന്‍റെ പേരിൽ ഓൺലൈനിലൂടെ പണം തട്ടിയെടുത്ത ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ കൃഷ്ണപൂർ നോർത്ത് 24 പർഗണാസ് രാജർഹട്ട് സ്വദേശി ബിക്കിദാസിനെയാണ് (22) തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
നാപ്റ്റോൾ, സ്നാപ്ഡീൽ തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാർസൽ സർവിസ് കമ്പനികളിൽനിന്ന് ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. ഉപഭോക്താക്കൾക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡ് രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ, വൻ തുക എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയും ചെയ്യും.
ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന ഉപഭോക്താവിന് സമ്മാനം ലഭിക്കാൻ സർവിസ് ടാക്സ്, രജിസ്ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ ചാർജുകൾ അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ബിക്കിദാസെന്ന് പൊലീസ് പറഞ്ഞു.
മുരുക്കുംപുഴ സ്വദേശിനിയിൽനിന്ന് 7,45,400 രൂപ ഇങ്ങനെ തട്ടിയെടുത്തിരുന്നു. സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ കേസുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.
ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് രണ്ടുമാസത്തോളം നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായതെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപ പറഞ്ഞു.
ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിജുകുമാറിന്‍റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖർ, എസ്.സി.പി.ഒ വിമൽകുമാർ, സി.പി.ഒമാരായ ശ്യാംകുമാർ, അദീൻ അശോക് എന്നിവരടങ്ങുന്ന സംഘം പശ്ചിമബംഗാളിലെ ന്യൂടൗണിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.