ശംഖുംമുഖം: സംസ്ഥാന സര്‍ക്കാറുമായി സ്റ്റേറ്റ് സപോര്‍ട്ടിങ് കരാറില്‍ ഒപ്പിടാതെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാന സര്‍ക്കാറിെൻറ എതിര്‍പ്പ് മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാറിെൻറ പിന്തുണയില്ലാതെ വിമാനത്താവളം ഏറ്റെടുത്താല്‍ വികസനത്തിന് കൂടുതല്‍ ഭൂമിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ നിലവിലെ സംവിധാനങ്ങളുമായി അദാനിക്ക് മുന്നോട്ട് പോകേണ്ടി വരും. കൂടുതല്‍ വിദേശ സര്‍വിസുകള്‍ ഇറങ്ങണമെങ്കില്‍ അതിനാവശ്യമായ സംവിധാനങ്ങള്‍ ആവശ്യമാണ്.
രാജ്യത്ത് സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളില്‍ പരസ്യത്തിലൂടെയും റിയല്‍ എസ്റ്റേറ്റ് വികസനത്തിലൂടെയുമാണ് നടത്തിപ്പുകാര്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നത്. സംസ്ഥാന സര്‍ക്കാറിെൻറ സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പുെവക്കാതെയാണ് അദാനിക്ക് കേന്ദ്രം സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കിയത്. വിമാനത്താവളത്തിെൻറ പരിപാലനം, വികസനം, ഭൂമി എന്നിവയുടെ നിയന്ത്രണം മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്.
എയര്‍പോര്‍ട്ടുകള്‍ക്ക് വികസനത്തിനായി ഭൂമിയേെറ്റടുത്ത് സിവില്‍ ഏവിയേഷന്‍ കൊടുക്കുന്നത് അതത് സംസ്ഥാന സര്‍ക്കാറുകളാണ്. ഇതിലൂടെയാണ് വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങള്‍, വിമാനത്താവളത്തിന് പുറത്തുള്ള സുരക്ഷ എന്നിവ എയര്‍പോര്‍ട്ട് അതോറിറ്റി ഉറപ്പാക്കുന്നത്. അദാനി ഗ്രൂപ് കരാര്‍ ഒപ്പിടാതെ വന്നതോടെ നിരവധി കടമ്പകള്‍ കടക്കേണ്ടതായി വരും. ആവശ്യമായ സ്ഥലസൗകര്യമില്ലാത്തത് കാരണം സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ.
ചാക്ക ഭാഗത്തുനിന്ന് 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബേസിക് സ്ട്രിപ് സജ്ജമാക്കാന്‍ കഴിയൂ. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യപ്രകാരം വള്ളക്കടവ്-വയ്യാമൂല ഭാഗത്ത് 18 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വിമാനത്താവളം അദാനിക്ക് നല്കാന് തീരുമാനമായത്.
ഇതോടെ സ്ഥലമെടുപ്പിെൻറ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിെവച്ചു. കൂടുതല്‍ സ്ഥലമേറ്റടുത്ത് കൂടുതല്‍ വികസനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ വിദേശ എയര്‍ലൈനുകള്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ തലസ്ഥാനത്ത് എത്തിക്കാന്‍ അദാനിക്ക് കഴിയൂ. പാട്ടക്കരാര്‍ പ്രകാരം 75 കോടിയിലേറെ അദാനി പ്രതിവര്‍ഷം നല്‍കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.