തിരുവനന്തപുരം: പാറശ്ശാല കൂതാളി ഈശ്വരവിലാസം അപ്പർ പ്രൈമറി സ്കൂളിൽ വ്യാജ ഹാജർ ഉണ്ടാക്കി സർക്കാർ ഗ്രാന്റുകളും ഉച്ചക്കഞ്ഞി, കോവിഡ് മഹാമാരി അലവൻസുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജ് എം.വി. രാജകുമാര ഉത്തരവിട്ടു. 2020 മുതൽ 2024 വരെയുള്ള അധ്യയനവർഷങ്ങളിൽ സ്കൂളിലെ മാനേജരും ഹെഡ് മിസ്ട്രസ് ചുമതലയുള്ള അധ്യാപികയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേർന്ന് ഇല്ലാത്ത വിദ്യാർഥികളുടെ പേരിൽ വ്യാജമായി ഹാജർ ചമച്ച് വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനധികൃതമായി വൻ തുകകൾ കൈപ്പറ്റി.
കൂടാതെ വ്യാജമായി കെട്ടിച്ചമച്ച രേഖകൾ ഉപയോഗിച്ച് സർക്കാറിൽനിന്ന് അധിക തസ്തികയും നേടിയെടുത്തു. ഇതുകാണിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ വിജിലൻസ് ഒരുവിധ നടപടിയും സ്വീകരിക്കാത്തതിനാൽ അഭിഭാഷകനായ ശേഖർ ജി. തമ്പി മുഖേന തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പ്രഥമദൃഷ്ട്യ അഴിമതി കണ്ടാണ് വിജിലൻസ് തിരുവനന്തപുരം യൂനിറ്റിനോട് അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.