തിരുവനന്തപുരം: 2001 തീരാറായ ഒരു ദിവസം തിരുവനന്തപുരം ഉണർന്നത് എസ്.എ.ടി ആശുപത്രി പരിസരത്തെ ചവറുകൂനയിൽ ഒരു പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ അക്രമിക്കുന്ന കാഴ്ചയുമായാണ്. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനായിരുന്നു ആ ദുർവിധി. പ്രസവിച്ച ശേഷം അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. അന്ന് സംഭവം കേരളക്കരയാകെ ചർച്ചാവിഷയമായി.
ഇനിയൊരു കുഞ്ഞിനും ഇത്തരം ദുർവിധിയുണ്ടാകരുതെന്ന തീരുമാനമാണ് അമ്മത്തൊട്ടിൽ എന്ന ആശയത്തിലേക്ക് എത്തിയത്. അധികം വൈകാതെതന്നെ അതിനുള്ള നടപടികളും ആരംഭിച്ചു. 2002 ഏപ്രിലിൽ തറക്കല്ലിട്ട ആ സംരംഭത്തിന് ഈ ഏപ്രിലിൽ 22 വയസ്സ് തികയുകയാണ്.
2002 നവംബർ 14നാണ് സംസ്ഥാനത്ത് ആദ്യമായി അമ്മത്തൊട്ടിൽ തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്ത് പൊതുസമൂഹത്തിനായി തുറന്നുകൊടുത്തത്. നിലവിൽ 11 ജില്ലകളിൽ അമ്മത്തൊട്ടിലുകൾ പ്രവർത്തിക്കുന്നു.
അമ്മത്തൊട്ടിലിലേക്ക് ആദ്യമായി ലഭിച്ച കുട്ടിക്ക് പ്രഥമ എന്നും നൂറാമത്തെ കുട്ടിക്ക് ശതശ്രീ എന്നും സമിതി പേരിട്ടിരുന്നു. തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം 598 കുട്ടികളെയാണ് സംരക്ഷണത്തിനായി ഇതുവരെ ലഭിച്ചത്. സംസ്ഥാനത്താകെ 939 ഉം. അതിഥികളായെത്തിയവരിൽ കൂടുതലും പെൺകുട്ടികൾ.
കുട്ടികളില്ലാതെ വിഷമിക്കുന്നവർക്ക് ഇവിടന്ന് കുട്ടികളെ ദത്തെടുക്കാം. അതിന് ചില നിയമനടപടികളുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലാണ് ദത്തെടുക്കൽ കേന്ദ്രങ്ങൾ. എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശിശുപരിചരണ കേന്ദ്രങ്ങളും സമിതി ആസ്ഥാനത്ത് ആറുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വീട്-ബാലികാ മന്ദിരവും പ്രവർത്തിക്കുന്നു. കണ്ണൂർ പിണറായിയിൽ ശിശുപരിചരണ കേന്ദ്രം പ്രവർത്തന സജ്ജമായിട്ടുണ്ട്.
പോറ്റമ്മമാരുടെ സ്നേഹത്തണലിൽ വളർന്ന 69 കുരുന്നുകളാണ് ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സമിതിയുടെ വിവിധ ദത്തെടുക്കൽ കേന്ദ്രങ്ങളിൽനിന്ന് പുതിയ മാതാപിതാക്കളുടെ കൈപിടിച്ച് പടിയിറങ്ങിയത്. ഇതിൽ 12 കുട്ടികൾ വിദേശ രാജ്യങ്ങളിലേക്കാണ് പറന്നത്.
സംസ്ഥാന ശിശുക്ഷേമസമിതിയും അതിനുകീഴിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലും ദത്തെടുക്കൽ ശിശുപരിചരണ കേന്ദ്രങ്ങളും രാജ്യത്തിനുതന്നെ മാതൃകയാണെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.