വിതുര: ആനപ്പാറ-മണലി പാലം തുറന്നുകൊടുക്കുന്നതിലൂടെ ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. വിതുര പഞ്ചായത്തിലെ മണലി-പൊന്നാംചുണ്ട്- തേവിയോട്-ആനപ്പാറ എന്നീ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനപ്പാറ-മണലി പാലം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഗതാഗതത്തിന് തുറന്ന് നൽകും.
പ്രദേശത്തെ ആദിവാസി ഊരുകളിലെ ജനങ്ങൾ കമ്പുകളും കാട്ടുവള്ളികളും ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് വാമനപുരം നദിക്ക് മുകളിൽ ആദ്യമായി ഒരു പാലം നിർമിച്ചത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. കാട്ടുവള്ളികളിൽ തൂങ്ങിക്കിടക്കുന്ന തൂക്കുപാലമായിരുന്നു അന്ന് അവർ നിർമിച്ചത്.
ഏഴ് വർഷം മുമ്പ് നബാർഡ് പുതിയ പാലം നിർമിക്കുന്നതിനായി ഫണ്ട് അനുവദിച്ചതോടെയാണ് പുതിയ പാലമെന്ന പ്രതീക്ഷയുണരുന്നത്. തുക അനുവദിക്കപ്പെട്ടെങ്കിലും പണി ആരംഭിച്ചിരുന്നില്ല. പല കാരണങ്ങളാൽ തുടങ്ങിയിടത്തുതന്നെ പാലം പണി നിന്നു.
ഇതിനിടയിൽ വന്ന ശക്തമായ മഴയിൽ പാലത്തിനായി നിർമിച്ച കോൺക്രീറ്റ് തൂണുകൾ ഒലിച്ചുപോയി. പിന്നീട് നിർമാണം പുനരാരംഭിക്കുകയായിരുന്നു. നബാർഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് എന്നിവയടക്കം 2.10 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.