വിതുര: ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കാക്ക രഞ്ജിത് അറസ്റ്റിൽ. കല്ലാറിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽനിന്നാണ് വിതുര പൊലീസ് ഗുണ്ടാസംഘത്തോടൊപ്പം ഇയാളെ പിടികൂടിയത്. കുഴൽപണം പിടിച്ചുപറിക്കൽ, സ്വർണക്കടത്ത്, തോക്കുചൂണ്ടി പണം കവരൽ, തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കൽ, 50 ലക്ഷത്തോളം ഹവാല പണം ഏജൻറിൽനിന്ന് പിടിച്ചുപറിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി കാക്ക രഞ്ജിത് പ്രതിയാണ്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധയിടങ്ങളിൽ വർഷങ്ങളോളം ഒളിവിൽ താമസിക്കുകയായിരുന്നു. കോഴിക്കോട് ഡി.സി.പിയിൽനിന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് സ്വകാര്യ റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
പ്രതിയോടൊപ്പം ഒരു സ്ത്രീയും സ്ഥലത്തുണ്ടായിരുന്നു. തുടർന്നുള്ള വാഹനപരിശോധനയിലാണ് ഇയാൾക്ക് അകമ്പടി സേവിച്ച ഗുണ്ടാസംഘത്തെ മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയനാട് കിണാശ്ശേരി പീടിയേക്കൽ ഹൗസിൽ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണ പന്തീരങ്കാവ് പൂളേക്കര നിജാസ് (35), കോഴിക്കോട് പെരുവയൽ കൊളാപ്പറമ്പ് കൊടശ്ശേരിത്തായം മാക്കോത്തിൽ രജീഷ് (33), കോഴിക്കോട് വളയനാട് കിണാശ്ശേരി കാവുങ്ങൽ ഹൗസിൽ മനോജ് (27) എന്നിവരാണ് അറസ്റ്റിലായത്.
സമാന്തരപ്രവർത്തനം നടത്തിവരുന്ന മറ്റ് സംഘങ്ങളിൽനിന്ന് വധഭീഷണി ഉള്ളതിനാലാണ് ഗുണ്ടാസംഘങ്ങളുമായി സഞ്ചരിക്കുന്നതെന്നാണ് കാക്ക രഞ്ജിത് പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.