തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട് കാണിച്ച് ഒരു വർഷത്തിലധികമായായി തട്ടിപ്പ് നടത്തുകയായിരുന്നു. പൈപ്പിൻമൂടിൽ ശ്രീകുമാരൻ തമ്പി താമസിക്കുന്ന വീട് പാട്ടത്തിന് നൽകാനുണ്ടെന്ന് പത്രത്തിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. പരസ്യം കണ്ട് വിളിക്കുന്നവരിൽനിന്ന് അഡ്വാൻസ് തുക വാങ്ങി മറ്റൊരു ദിവസം താക്കോൽ കൈമാറാമെന്ന് കരാർവെക്കും.
പറയുന്ന ദിവസം താക്കോൽ കൈമാറാതെ ശ്രീകുമാരൻ തമ്പി പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും. പണം നൽകുന്നവർ പൊലീസിനെ സമീപിച്ചാൽ പിന്നാലെ വിളിച്ച് പകുതി പണം നൽകി താൽക്കാലിക ഒത്തുതീർപ്പുമുണ്ടാക്കും.
പണം നഷ്ടമായ നാലുപേർ പേരൂർക്കട പൊലീസിനെ സമീപിച്ചതോടെയാണ് കേസെടുത്തത്. 35 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോള്‍ കേസ്. ഒളിവിൽപോയ ശ്രീകുമാരൻ തമ്പിയെ ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നൽകിയ മറ്റു ചിലരും സ്റ്റേഷനിലെത്തി. ഇവർക്കെല്ലാം അധികം വൈകാതെ പണം നൽകാമെന്ന് വാഗ്ദാനം നൽകി ശ്രീകുമാരന്റെ ബന്ധുക്കള്‍ മടക്കി അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.