തിരുവനന്തപുരം: വയോധികനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കണ്ണാന്തുറ സ്വദേശി രാജേഷ് (39), കമലേശ്വരം സ്വദേശി ഷാജി (49), മണക്കാട് സ്വദേശി കൃഷ്ണൻകുട്ടി (55) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയാണ് മണക്കാട് സ്വദേശിയായ സുരേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. ഈഞ്ചക്കൽ ഭാഗത്തു നിന്ന് ഓട്ടോ ഓടിച്ചുവന്ന സുരേഷ് കുമാറിനെ മറ്റൊരു ഓട്ടോയിൽ പിന്തുടർന്ന് വന്ന പ്രതികൾ ശ്രീവരാഹം ഭാഗത്ത് തടഞ്ഞുനിർത്തി റോഡിലിട്ട് മർദിച്ച ശേഷം ഫോണും പണവും തട്ടിയെടുക്കുകയായിരുന്നു.
സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പുലർച്ച നഗരത്തിലെ വിവിധ ഓട്ടോസ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തത്. മോഷണമുതലുകൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ ദിനേശ്, അരുൺകുമാർ, അഭിജിത്, സി.പി.ഒമാരായ വിനോദ്, രഞ്ജിത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.