തിരുവനന്തപുരം: മണക്കാട്-അമ്പലത്തറ റോഡിൽ രൂപപ്പെട്ട കുഴികളുടെ ആഴം കൂടുകയും അപകടങ്ങൾ പതിവാകുകയും ചെയ്തിട്ടും കണ്ടില്ലെന്ന് നടിച്ച് പൊതുമരാമത്ത് വകുപ്പ്. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായിട്ടും ശോച്യാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികളടക്കം കാര്യമായി ഇടപെടുന്നില്ല. മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന്റേയും മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. റോഡ് സഞ്ചാരത്തിന് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി ബോധ്യപ്പെട്ടിട്ടും മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ തുടരുന്ന മൗനത്തിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
അട്ടക്കുളങ്ങര മുതൽ തൈക്കാപ്പള്ളി ജങ്ഷൻ വരെയുള്ള ഭാഗത്ത് വിവിധയിടങ്ങളിൽ ചെറിയ വാഹനങ്ങൾ അകപ്പെട്ടാൻ മുന്നോട്ടുപോകാൻ കഴിയാത്ത വിധം കുഴികകളുണ്ട്. അട്ടക്കുളങ്ങര ജയിലിന് മുൻവശം, ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം, ഗേൾസ് സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ റോഡ് വലിയതോതിൽ തകർന്നടിഞ്ഞു. കല്ലാട്ടുമുക്കുമുതൽ അമ്പലത്തറവരെയും കമലേശ്വരം ഭാഗത്തും റോഡിന്റെ തകർച്ച ഇരുചക്രവാഹനയാത്രക്കാർക്കടക്കം അപകടക്കെണിയാണ്. സർക്കാർ-സ്വകാര്യ മേഖലയിലായി നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ മേഖലയിലുണ്ട്. വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങളുടെ തകർന്ന റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവക്കുന്നു.
ചെറിയ മഴയിൽപോലും കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യത ഏറും. കുഴിയിൽപെടാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നതും അപകടമുണ്ടാക്കുന്നു. തിരുവല്ലം, കോവളം, വിഴിഞ്ഞം, പൂന്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾക്ക് റോഡിന്റെ തകർച്ച വലിയ വെല്ലുവിളിയാണ്. പുതുതായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസുകളും ഈ റൂട്ടിലുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് വെട്ടിപ്പൊളിച്ചതെങ്കിൽ മണക്കാട് മേഖല ഈ പദ്ധതിയിലില്ല. നടപ്പാതകളുടെ നവീകരണം, മികച്ച നിലവാരത്തിലെ റോഡ്, സിഗ്നൽ ലൈറ്റുകൾ, തെരുവുവിളക്കുകൾ തുടങ്ങിയ നഗരത്തിന്റെ വിവിധ മേഖലകളിൽ നടത്തുന്ന അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ നിന്ന് മണക്കാട്-കമലേശ്വരം മേഖലയെ തഴയുന്ന സമീപനമാണ് വർഷങ്ങളായി ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.