ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വാഹന പര്യടനത്തിനൊപ്പം ഇതര മേഖലകളിൽ മൈക്ക് സ്ക്വാഡുകളുടെ പ്രവർത്തനവും സജീവമായി. പ്രസംഗരംഗത്ത് മികവ് പുലർത്തുന്ന പ്രാദേശിക നേതാക്കളാണ് വാഹനങ്ങളിൽ പ്രധാന സ്ഥലങ്ങളിലും ജനവാസ മേഖലകളിലും കേന്ദ്രീകരിച്ച് അനൗൺസ്മെൻറ് നടത്തുന്നത്. ഇതോടൊപ്പം തന്നെ സ്ഥാനാർഥിയുടെയും പ്രമുഖ നേതാക്കളുടെയും പ്രസംഗങ്ങൾ റെേക്കാഡ് ചെയ്തതും കേൾപ്പിക്കുന്നുണ്ട്. ബുധനാഴ്ച എൽ.ഡി.എഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ മൂന്നിടങ്ങളിൽ പ്രസംഗിക്കും. രാവിലെ 10 ന് വർക്കല മേവാ കൺവെൻഷൻ സെന്റർ, വൈകുന്നേരം 4.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട്, 6ന് കന്യാകുളങ്ങര നൂജും അൽ-ഷേക്ക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചൊവ്വാഴ്ച വാമനപുരം, അരുവിക്കര നിയോജകമണ്ഡലങ്ങളിലാണ് പര്യടനം നടത്തിയത്. പൂച്ചെണ്ട് നൽകിയും തൊപ്പി സമ്മാനിച്ചും തോർത്ത് ഷാൾ അണിയിച്ചും സ്നേഹ സ്വീകരണമൊരുക്കി.
മണ്ഡല പര്യടനത്തിന്റെ ഭാഗമായാണ് രാവിലെ പെരിങ്ങമലയിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് എത്തിയത്. ഇടിഞ്ഞാർ വിട്ടിക്കാവ് പട്ടികവർഗ കോളനിയിൽ കെ.പി.സി.സി മെംബർ ആനാട് ജയൻ സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സോഫി തോമസ്, ഡി. രഘുനാഥൻ നായർ, താന്നിമൂട് ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.
പെരിങ്ങമ്മല, പാലോട്, ഭരതന്നൂർ, കുറുപ്പുഴ മണ്ഡലങ്ങളിലെ ദലിത് ആദിവാസി സങ്കേതങ്ങൾ സന്ദർശിച്ചു. തുടർന്ന് അരുവിക്കര നിയോജകമണ്ഡലത്തിലെ കാഞ്ഞിരംമൂട്, കാനക്കുഴി, ഇരിഞ്ചൽ, കാരിയോട്, മൈലമൂട്, മലവിള, പാങ്കാവ്, മുളമൂട്, ചാമ വിള, കാപ്പിക്കാട്, മാങ്കുഴി, കരിങ്കോട്, നാടുകാണി വഴി കാട്ടാക്കട മാർക്കറ്റിൽ സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. ജോയിയുടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം വാമനപുരം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടന്നു. രാവിലെ എട്ടിന് പാലാംകോണത്ത് നിന്നാരംഭിച്ചു.
കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ പര്യടനകേന്ദ്രങ്ങളിൽ കാത്തുനിന്നു. ആശിർവദിച്ചും ആലിംഗനം ചെയ്തും കൈകൊടുത്തും വോട്ടർമാർ തങ്ങളുടെ പിന്തുണ അറിയിച്ചു. അവർ നൽകിയ സ്നേഹത്തിലൂടെ ഈ നാട് തന്നെ കൈവിടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന് സ്ഥാനാർഥി വി. ജോയ് പറഞ്ഞു. വെള്ളമണ്ണടി, മരുതുംമൂട്, കൂനൻവേങ്ങ, ചുള്ളാളം, പനവൂർ, ആറ്റിൻപുറം, പാണയം, വിശ്വപുരം വഴി പേരയെത്തു സമാപിച്ചു. ഉച്ചവിശ്രമത്തിന് ശേഷം പനയ മുട്ടത്തുനിന്ന് പുനരാരംഭിച്ചു. തെറ്റിമൂട് കാരിക്കുഴി, ചുള്ളിമാനൂർ, ആലംകോട്, ഇരിഞ്ചയം, വേങ്ങവിള, കുണ്ടറക്കുഴി, പാങ്കോട് വഴി മൂഴിയിൽ സമാപിച്ചു. പുസ്തകങ്ങൾ ഏറ്റുവാങ്ങിയും അവ വിതരണംചെയ്തുമായിരുന്നു വി. ജോയിയുടെ പര്യടനം.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ചൊവ്വാഴ്ച ആര്യനാട് മണ്ഡലത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ് മണ്ഡലത്തിൽ മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലും പര്യടനം നടത്തി.
ആര്യനാട് മണ്ഡലത്തിൽ ചേന്നൻപാറയിൽ നിന്നാരംഭിച്ച പര്യടനം 25 സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുളിച്ചാമലയിൽ സമാപിച്ചു. മലയിൻകീഴ് മണ്ഡലത്തിലെ പര്യടനം ചപ്പാത്ത് നിന്നു തുടങ്ങി ഗോവിന്ദമംഗലം, മണിയറമല, കോവിൽവിള, ശിവജിപുരം, നരുവാമൂട്, ഗാന്ധി നഗർ, മണലുവിള, ഇടയ്ക്കോട്, പ്രാവചമ്പലം, പള്ളിച്ചൽ, പുന്നമൂട്, താന്നിവിള വഴി മുക്കം പാലമൂടിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.