ആറ്റിങ്ങല്‍: ജില്ലയിലെ തീരമേഖലകളിൽ കണ്ടൽകാടുകൾ അപ്രത്യക്ഷമാവുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ചിറയിന്‍കീഴ്, അഴൂര്‍, കഠിനംകുളം, കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ്, മണമ്പൂര്‍, ചെറുന്നിയൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടല്‍ചെടികള്‍ വളര്‍ന്നിരുന്നു. കായലും കായല്‍ കൈവഴികളും അനുബന്ധ തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ മേഖലയാണ് ചിറയിന്‍കീഴ് തീരം.
ജലാംശം നിറഞ്ഞ് നില്ക്കുന്ന, ചതുപ്പ് എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങളിലാണ് കണ്ടല്‍ച്ചെടികള്‍ വ്യാപകമായി വളരുന്നത്. കരപ്രദേശങ്ങള്‍ക്കും തുറന്ന ജലപ്പരപ്പിനുമിടയില്‍ കിടക്കുന്ന ജലപൂരിതമോ വെള്ളം കെട്ടിക്കിടക്കുന്നതോ ആയ മേഖലകളാണ് ഇവ. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനല്‍ക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. ജലസസ്യങ്ങളുടെയും ജലപക്ഷികളുടെയും ആവാസസ്ഥാനമാണിവിടം.
ദേശാടനവിഭാഗത്തിൽപെട്ട കൊക്ക് ഇനങ്ങള്‍, ചേരക്കോഴി, താമരക്കോഴി, വിവിധയിനം കുളക്കോഴികള്‍, മറ്റ് നിരവധി ചെറുപക്ഷികള്‍ എല്ലാം കണ്ടല്‍ക്കാടുകളെ ആശ്രയിച്ച് കഴിയുന്നുണ്ട്. മണ്ണിടിച്ചില്‍ തടയുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും കണ്ടല്‍ച്ചെടികള്‍ സഹായകമാണ്. ചിറയിന്‍കീഴ് തീരത്ത് അധികൃതരുടെ അനാസ്ഥയും ഒത്താശയുമൂലം വളരെയധികം തണ്ണീര്‍ത്തടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ ഇതിനകം നികത്തിയെടുത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. തണ്ണീര്‍തട സംരക്ഷണമെന്ന പേരില്‍ ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികള്‍പോലും നടപ്പാക്കപ്പെടുന്നില്ല.
കായല്‍ കരയുമായി ബന്ധപ്പെട്ടുള്ള ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം, വക്കം, കടയ്ക്കാവൂര്‍ പ്രദേശങ്ങളെല്ലാം നിരവധി തണ്ണീര്‍തടങ്ങളും കണ്ടല്‍കാടുകള്‍ ഉള്‍പ്പെടെയുള്ള ജൈവ സസ്യങ്ങളാലും സമ്പുഷ്ടമായിരുന്നു. ഓരോ മേഖലയിലുമുള്ള കണ്ടല്‍ച്ചെടികള്‍ വ്യത്യസ്തവുമാണ്.
ചിറയിന്‍കീഴ് തീരത്തെ കണ്ടല്‍ച്ചെടികളുടെ വകഭേദങ്ങളെക്കുറിച്ചുള്ള വിശദ പഠനങ്ങള്‍പോലും ഇതേവരെ നടത്തപ്പെട്ടിട്ടില്ല. വക്കം പൊന്നുംതുരുത്ത്, അഞ്ചുതെങ്ങ് നെടുങ്ങണ്ട, കപാലീശ്വരം, ഇറങ്ങുകടവ്, കേട്ടുപുര, ചിറയിന്‍കീഴ് - കടയ്ക്കാവൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും കഠിനംകുളം പഞ്ചായത്തിലെ കായല്കൈവഴികളിലും തുരുത്തുകളിലുമാണ് കൂടുതല്‍ കണ്ടൽകാടുകളും ജൈവവൈവിധ്യ സസ്യങ്ങളും നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.