ആറ്റിങ്ങൽ: ജാപ്പനീസ് ആശയം ഉപയോഗിച്ച് വീടും പൂന്തോട്ടവും അലങ്കരിക്കുക, ഒപ്പം ഭൂമിയിലെ ഒരംശം അതേപടി വീട്ടിനുള്ളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വക്കത്തെ കുട്ടി പൊലീസ് സംഘം. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് വ്യത്യസ്ത പദ്ധതിയുമായി വക്കം വി.എച്ച്.എസ്.എസ് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ രംഗത്തെത്തിയത്. പ്ലാസ്റ്റിക്കിനോടും പായലിനോടും വിടപറയലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കലുമാണ് ലക്ഷ്യം.
കോക്കടമ എന്നത് അലങ്കാരച്ചെടി വളർത്താവുന്ന പായൽകൊണ്ട് പൊതിഞ്ഞ മണ്ണുകൊണ്ടുള്ള പന്താണ്. ജപ്പാനിലാണ് ഈ ആശയത്തിന്റെ ഉത്ഭവം. അവിടെ അത് നിയായ് (പാത്രം ഇല്ല എന്നർത്ഥം) ബോൺസായ്, കുസാമോനോ നടീൽ ശൈലികളുടെ സംയോജനമാണ്. ജാപ്പനീസ് ഭാഷയിൽ ‘കോക്ക്’ എന്നാൽ പായൽ എന്നും ‘ടമ’ എന്നാൽ പന്ത് എന്നുമാണ് അർഥം. പന്തുപോലെ ഉരുട്ടിയെടുത്ത പോട്ടിങ് മിശ്രിതത്തിൽ പായൽ പൊതിഞ്ഞശേഷം ചെടികൾ വളർത്തുന്ന രീതിക്കാണിത്. ഇവ നിർമിക്കുന്നതിനുള്ള സാങ്കേതിക അറിവും കലാവാസനയുമുണ്ടെങ്കിൽ വരുമാനമാർഗമാക്കാൻ സാധിക്കും. ഇതാണ് വക്കത്തെ കുട്ടി പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ഹെഡ്മിസ്ട്രസ് ബിന്ദു സി.എസ് അധ്യക്ഷയായ ചടങ്ങിൽ കടക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ് കോക്കടമയുടെ ആദ്യ വിൽപന നിർവഹിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷിമി എം, കടയ്ക്കാവൂർ സ്റ്റേഷൻ പി.ആർ.ഒ ജി.എസ്.ഐ. ഷാഫി, പി.ടി.എ പ്രസിഡന്റ് ഷൈല എ, പരിശീലക ഗാഥ ജി, അധ്യാപകരായ സൗദീഷ് തമ്പി, രമ്യ ചന്ദ്രൻ, സുനിൽ കുമാർ, ജോസലിൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.