ആറ്റിങ്ങൽ: വിദ്യാർഥികളെ കൊള്ളയടിക്കുന്ന സ്വകാര്യ ബസുകളുടെ അമിതനിരക്ക് നിയന്ത്രിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. ആറ്റിങ്ങൽ മേഖലയിൽ മോട്ടോർവാഹനവകുപ്പ് ആരംഭിച്ച സ്വകാര്യ ട്രാൻസ്പോർട്ട് ബസ് പരിശോധന ഊർജിതമാക്കി. വിദ്യാർഥി കൺസെഷൻ വർധനയുടെ മറവിൽ സ്വകാര്യ ബസുകൾ വലിയ തുക കുട്ടികളിൽനിന്ന് ഈടാക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ബസ് ചാർജ് വർധനക്കുശേഷം വിദ്യാർഥികളിൽനിന്ന അഞ്ചിരട്ടിവരെ അമിത തുക ഈടാക്കുന്നതായാണ് കണ്ടെത്തൽ.
നേരത്തെ നടന്ന ബസ് ചാർജ് വർധനക്കൊപ്പം സ്വകാര്യ ബസുകൾ പുതിയ നിരക്ക് സ്വയംപ്രഖ്യാപിത ചാർജ് വിദ്യാർഥികളിൽനിന്ന് ഈടാക്കിവരുകയായിരുന്നു. നിലവിൽ കണ്ടെത്തിയ ന്യൂനതകൾക്കെതിരെ ബോധവത്കരണമാണെങ്കിൽ തിങ്കൾ മുതൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയ ബസ് ജീവനക്കാർ ഇതിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ നടപടി ഉറപ്പാണ്.
സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെയും നിയമവിരുദ്ധപ്രവർത്തനങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർ നെയിം ബോർഡ് ധരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇത് അടിയന്തരമായി പരിഹരിക്കാൻ ഡിപ്പോകളിൽ അറിയിപ്പ് നൽകി.
വിദ്യാർഥികൾക്കുള്ള യാത്രാനിരക്ക് അവസാനമായി പുനഃക്രമീകരിച്ചത് 2022 ലാണ്. സംസ്ഥാന സർക്കാർ ഉത്തരവിൽ വിദ്യാർഥികൾക്കുള്ള യാത്രാനിരക്ക് 2.5 കിലോമീറ്റർ വരെ ഒരുരൂപയാണ്. തുടർന്ന് 7.5 കിലോമീറ്റർ വരെ രണ്ട് രൂപയും 17.5 കിലോമീറ്റർ വരെ മൂന്ന് രൂപയും 27.5 കിലോമീറ്റർ വരെ നാല് രൂപയും 37.5 കിലോമീറ്റർ വരെ അഞ്ച് രൂപയുമാണ് നിരക്ക്. സ്വകാര്യബസിൽ നടത്തിയ പരിശോധനയിൽ ഒരു ബസിൽ പോലും മിനിമം ചാർജായ ഒരു രൂപയുടെ ടിക്കറ്റ് വിദ്യാർഥികൾക്ക് നൽകുന്നില്ലെന്ന് കണ്ടെത്തി. നിരക്കുകളെക്കുറിച്ച് വിദ്യാർഥികൾക്കും ധാരണയില്ല. തുടർന്നും അമിതനിരക്ക് ഈടാക്കിയാൽ ആർ.ടി ഓഫിസിൽ 0470-2626400 എന്ന നമ്പറിൽ പരാതി അറിയിക്കാം.
ആറ്റിങ്ങൽ മേഖലയിൽ വിദ്യാർഥികളിൽനിന്ന് രണ്ടുവർഷക്കാലമായി ഈ കൊള്ളയടി തുടരുകയാണ്. കോടിക്കണക്കിന് രൂപയാണ് വിദ്യാർഥികളെ കൊള്ളയടിച്ച് സ്വകാര്യ ബസുകൾ ഇതിനകം നേടിയിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ അരാഷ്ട്രീയവത്കരണം മൂലം വിദ്യാർഥിസംഘടനകളും ഇതൊന്നും ശ്രദ്ധിക്കാറില്ല. ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാർക്കും നിയമവിധേയമായ ലൈസൻസില്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.