തിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തെന്നും ഇതുവഴി തിരുവനന്തപുരം കോർപറേഷനെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് നഴ്സറി സ്കൂൾ അധ്യാപിക പി.പി. ജിഷയെ കോർപറേഷൻ സസ്പെൻഡ് ചെയ്തു. വാർഡ് കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മത്സ്യഭവന്റെ കെട്ടിടത്തിൽ ഒറ്റമുറിയിൽ കോർപറേഷൻ വർഷങ്ങളായി നടത്തുന്ന സ്കൂളിൽ വെള്ളവും അടിസ്ഥാന പഠനോപകരണങ്ങളും ഇല്ലാത്തത് സംബന്ധിച്ച് 'മാധ്യമം' വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനുപുറമെയാണ് ക്ലാസ്മുറിക്ക് സമീപത്തെ ആകാശവാണിയുടെ കോമ്പൗണ്ടിലേക്കുള്ള കോർപറേഷന്റെ മാലിന്യനിക്ഷേപവും. മാലിന്യനിക്ഷേപത്തെതുടർന്ന് കുട്ടികളിൽ പലർക്കും ഡെങ്കിപ്പനിയും പകർച്ചവ്യാധികളും ചർമരോഗങ്ങളും പിടിപെട്ടിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കോർപറേഷനെതിരെ സ്വമേധയാ കേസെടുക്കുകയും ജില്ല ലീഗൽ സർവിസ് അതോറിറ്റിയും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും സ്കൂളിൽ നേരിട്ടെത്തി വസ്തുതകൾ ബോധ്യപ്പെടുകയും ചെയ്തതോടെ കോർപറേഷൻ വെട്ടിലായിരുന്നു. ഇതോടെ ദിവസങ്ങൾക്കുമുമ്പ് നഴ്സറി സ്കൂളിലെ രണ്ട് ആയമാരെ വട്ടിയൂർക്കാവ് സോണലിലേക്കും ആറ്റിപ്ര സോണലിലേക്കും സ്ഥലംമാറ്റി. തുടർന്നാണ് അധ്യാപികക്കെതിരായ നടപടി.
ഇവർക്കുപകരം ആളുകൾ ചുമതലയേൽക്കാതെ വന്നതോടെ ചൊവ്വാഴ്ച സ്കൂൾ പ്രവർത്തിച്ചില്ല. സ്കൂളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ നേതൃത്വത്തിൽ 10 ദിവസത്തിനുള്ളിൽ രക്ഷിതാക്കളുടെ യോഗം വിളിക്കണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് കോർപറേഷനോട് നിർദേശിച്ചിരുന്നെങ്കിലും നാളിതുവരെ യോഗം വിളിക്കാൻ കോർപറേഷൻ അധികൃതർ തയാറായിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.