തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള ജല അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ-വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടത്തുന്നതിനാൽ 23ന് രാവിലെ എട്ടുമുതൽ 24ന് രാവിലെ എട്ടുവരെ നഗരത്തിൽ കുടിവെള്ളം മുടങ്ങും.
പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ.കെ.ജി സെന്റററിന് സമീപപ്രദേശങ്ങൾ, പി.എം.ജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സി.എസ്.എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജങ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ.അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , കുമാരപുരം, അണമുഖം, കണ്ണമ്മൂല, എന്നീ സ്ഥലങ്ങളിലാണ് ഭാഗികമായി ജലവിതരണം തടസ്സപ്പെടുക.
പേരൂർക്കട ജലസംഭരണിയിൽനിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജങ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ നടക്കുന്ന ദിവസങ്ങളിലും ജലവിതരണം തടസ്സപ്പെടും. ശനിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെ പേരൂർക്കട, ഇന്ദിരനഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലംമുക്ക് എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജലവിതരണം തടസ്സപ്പെടുക.
തിരുവനന്തപുരം: ജലവിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ മണക്കാട്, കമലേശ്വരം ഉൾപ്പെടെയുള്ള പ്രദേശങ്ങളോട് ജല അതോറിറ്റിക്ക് വിമുഖത. കുടിവെള്ളം ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി യഥാസമയം അന്വേഷിക്കാനോ തകരാർ പരിഹരിക്കാനോ ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലാട്ട്മുക്ക്, പരവൻകുന്ന്, ഓക്സ്ഫോർഡ് ലെയ്ൻ, നാഷനൽ കോളജ് ലെയ്ൻ, ഗ്രീൻ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമല്ല. രണ്ടുദിവസമായി പലയിടങ്ങളിലും ജലദൗർലഭ്യം രൂക്ഷമാണ്. കുടിവെള്ളം പൂർണമായി മുടങ്ങിയിട്ടില്ലെന്നും പ്രഷർ കുറവായതിനാലാണ് വീടുകളുടെ രണ്ടാംനിലയിലെ ടാപ്പുകളിൽ വെള്ളമെത്താത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ ആവർത്തിക്കുന്നു.
മണക്കാട് മേഖലയിൽ പലയിടത്തും രാത്രിയിൽ മാത്രം പൈപ്പിൽ വെള്ളമെത്തുന്നതെന്ന നിരന്തര പരാതികളും കണ്ടില്ലെന്ന് നടിക്കുകയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ.
ഓൺലൈനായി പരാതി നൽകാനുള്ള സംവിധാനം ജല അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അവഗണിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നതെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കം കുറ്റപ്പെടുത്തുന്നു. എൻജിനീയർമാരടക്കമുള്ളവരുടെ ഔദ്യോഗിക ഫോൺ നമ്പറുകളിൽ വിളിച്ചാൽ പ്രതികരണമില്ലെന്ന പരാതി ജനപ്രതിനിധികളടക്കം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.