തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ െഡപ്യൂട്ടിമേയർ-ബി.ജെ.പി പോര് തുടരുന്നു. വ്യാഴാഴ്ച ചേർന്ന കൗൺസിലിലും െഡപ്യൂട്ടിമേയർക്കെതിരെ ബി.ജെ.പി രംഗത്തുവന്നു. നഗരസഭ തിരുവല്ലം സോണൽ ഓഫിസ് സൂപ്രണ്ടിനെ െഡപ്യൂട്ടി മേയർ മർദിച്ചെന്ന പരാതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ സൂപ്രണ്ടിന് പരിക്കേറ്റതായും ജനറൽ ആശുപത്രിയിൽ ചികിത്സതേടിയായതായും കൗൺസിലർമാർ പറഞ്ഞു.
ബജറ്റ് അവതരണദിവസം നടത്തിയ മോശം പരാമർശവും സൂപ്രണ്ടിനെ മർദിച്ചെന്ന പരാതിയും പൊതുചർച്ചയിൽ ഉന്നയിച്ച ബി.ജെ.പി െഡപ്യൂട്ടി മേയറുടെ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പി വാദം ശരിയല്ലെന്നും െഡപ്യൂട്ടി മേയർ മർദിച്ചെന്ന് പരാതി നൽകിയ ഉദ്യോഗസ്ഥനെതിരെ നേരത്തേയും കേസുണ്ടെന്നും മേയർ ആര്യാ രജേന്ദ്രൻ പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയുള്ള ഇത്തരക്കാരെ സംരക്ഷിക്കുന്നതിലൂടെ ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് പ്രകടമാവുന്നത്. മുലകുടി മാറാത്തയാളെ മേയറാക്കി എന്ന് ആക്ഷേപിച്ചവരാണ് ആദ്യം മാപ്പുപറയേണ്ടത്. ഉദ്യോഗസ്ഥനെതിരെ സ്ത്രീ നൽകിയ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു.
തുടർന്ന് സംസാരിച്ച യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പത്മകുമാർ സംഭവത്തിൽ മേയർ നിഷ്പക്ഷ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ടു.
െഡപ്യൂട്ടി മേയറെ സംരക്ഷിച്ച് ഭരണപക്ഷം എത്തിയതോടെ ഇരിപ്പിടം വിട്ട ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ ഭരണപക്ഷ കൗൺസിലർമാരുമയി വാക്കേറ്റവുമുണ്ടായി. പ്രതിഷേധത്തിനിടെ അജണ്ടകളിലേക്ക് കടക്കുന്നതായി മേയർ അറിയിച്ചു.
അജണ്ടയിൽ ചർച്ച ആരംഭിച്ചതോടെ ബി.ജെ.പി കൗൺസിലർമാർ മുദ്രാവാക്യമുയർത്തി കൗൺസിൽ ഹാൾ ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ പാസാക്കിയ അജണ്ടകൾ ചർച്ചയിലൂടെ പാസാക്കി. ഇതിനുമുമ്പുള്ള കൗൺസിലിൽ അജണ്ടകൾ ചർച്ചകൂടാതെ പാസാക്കിയെന്ന് വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.