തക്കല: കാർഷിക ഭൂമി തരിശുനിലമാക്കി മാറ്റാൻ 25,000 രൂപ കൈക്കൂലി വാങ്ങിയ കൽക്കുളം താലൂക്ക് ഓഫിസിലെ വനിത ഡെപ്യൂട്ടി തഹസിൽദാറിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം അറസ്റ്റ് ചെയ്തു. നാഗർകോവിൽ വടശ്ശേരി ബ്രൈറ്റ് തെരുവിൽ രുഗ്മിണിയാണ് അറസ്റ്റിലായത്. തിങ്കൾചന്തക്ക് സമീപം കണ്ടൻവിള മടവിളാകം ഭാഗത്ത് രാഹുലിന് വീട് നിർമാണത്തിന്റെ ഭാഗമായി പ്ലാൻ വരയ്ക്കാൻ പോയപ്പോഴാണ് സ്ഥലം കർഷക ഭൂമിയാണെന്നറിഞ്ഞത്.
തുടർന്ന്ഭൂമി മാറ്റാൻ രാഹുൽ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. വില്ലേജ് ഓഫിസർ ഉൾപ്പെട്ട സംഘം സ്ഥലം പരിശോധിച്ച് റിപ്പോർട്ട് താലൂക്ക് ഓഫിസിലേക്കയച്ചു. ഡെപ്യൂട്ടി തഹസിൽദാർ മേൽനടപടി സ്വീകരിക്കാതെ അപേക്ഷ മാറ്റിവെച്ചു. രാഹുലിന്റെ ബന്ധു ജഗദീശ്വരി ഡി.ടി. രുഗ്മിണിയെ കണ്ട് കാര്യം തിരക്കി.
തരിശ് ഭൂമി സർട്ടിഫിക്കറ്റിനായി 25,000 രൂപ ആവശ്യപ്പെട്ടു. വിവരം വിജിലൻസ് അഡീഷനൽ സൂപ്രണ്ട് ഹെക്ടർ ധർമരാജിനെ അറിയിച്ചു. അവരുടെ നിർദേശപ്രകാരം രാസവസ്തു പൂശിയ നോട്ട് നൽകി താലൂക്ക് ഓഫിസിൽ വിജിലൻസ് കാത്തുനിന്നു. വ്യാഴാഴ്ച ഉച്ചക്ക് ജഗദീശ്വരി രുഗ്മിണിയുടെ മുറിയിൽചെന്ന് പണം കൈമാറി. ഉടൻ വിജിലൻസ് ഇൻസ്പെക്ടർ ശിവശങ്കരി, എസ്.ഐ മുരുകൻ എന്നിവർ ഉൾപ്പെട്ട സംഘം ഡെപ്യൂട്ടി തഹസിൽദാറെ പിടികൂടി. ഇവരുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.