തിരുവനന്തപുരം: മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കൂട്ടിലേക്ക് മാറ്റിയ ഹനുമാൻ കുരങ്ങ് ചാടിരക്ഷപ്പെട്ടതിൽ സംവിച്ചത് അനാസ്ഥ. പുറത്ത് ചാടിയ കുരങ്ങനെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാതായതോടെ മരത്തിൽതന്നെ ഇരിക്കട്ടെ എന്ന നിലപാടിലാണ് മൃഗശാല അധികൃതർ.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കൂട്ടിലേക്ക് മാറ്റുന്നതിനിടെ കുരങ്ങ് ചാടി രക്ഷപ്പെട്ടത്. ഒരാഴ്ചയോളമായിട്ടും കുരങ്ങനെ പിടികൂടാൻ ഒരാസൂത്രണവും കാര്യമായി നടക്കുന്നില്ല. കൃത്യമായി ഭക്ഷണവും വെള്ളവും കിട്ടാതെ വരികയാണെങ്കിൽ കുരങ്ങന്റെ അവസ്ഥ പരിതാപകരമാകും.
മരത്തിന് മുകളിൽ വെക്കുന്ന ഭക്ഷണം കുരങ്ങൻ കഴിക്കുന്നുണ്ടെന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പുറത്തുവെക്കുന്ന ഭക്ഷണം മറ്റ് പക്ഷികളും ജന്തുക്കളും കഴിക്കാൻ സാധ്യതയുണ്ട്. പലതര ത്തിലും രോഗവാഹകരായ ജീവികൾകഴിക്കുന്ന ഭക്ഷണം കുരങ്ങൻ കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
കുരങ്ങനെ മയക്കുവെടിവെച്ച് പിടിക്കുന്ന കാര്യം എന്തായാലും പരിഗണനയിലില്ല. കഴിഞ്ഞ ദിവസം മൃഗശാല സന്ദർശിച്ച വകുപ്പ് മന്ത്രിയും കുരങ്ങനെ പിടികൂടുന്ന ഒരുനിർദ്ദേശവും മുന്നോട്ടുവെച്ചില്ല. ഇതിനിടെ കുരങ്ങൻ മ്യൂസിയം വളപ്പിൽ നിന്ന് പലതവണ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതും വലിയ ആശങ്കയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രിമുതൽ കുരങ്ങിനെ കാണുന്നില്ലായിരുന്നു. പിന്നീട് ശനിയാഴ്ച വൈകിട്ടോടെയോടെയാണ് കടുവകൂടിന് സമീപം മറ്റൊരു മരത്തിൽ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്.
ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇണയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ ഞായറാഴ്ചയും കുരങ്ങ് കൂട്ടാക്കിയില്ല. ഇങ്ങനെ അധികംനാൾ മുന്നോട്ട് പോയാൽ കുരങ്ങന്റെ ജീവന് അത് ഭീഷണിയാകുമെന്ന അഭിപ്രായങ്ങളുമുണ്ട്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് ചാടിക്കടന്നത്.
പരിചിതിമല്ലാത്ത സ്ഥലത്ത് കുരങ്ങനെ പാർപ്പിക്കുമ്പോൾ എടുക്കേണ്ട മുൻകരുതൽ ഒന്നും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തുറന്ന കൂട്ടിലേക്ക് തിടുക്കത്തിൽ തുറന്നുവിട്ടതും പാളിച്ചയായി. കുരങ്ങൻ പുറത്തേക്ക് ചാടിപ്പോകാനുള്ള വഴികൾ ഒന്നും അടച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.