പോത്തൻകോട്: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു എ. സജീവ് മരിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.
അമ്മു എ. സജീവിന്റെ പോത്തൻകോട് അയിരുപ്പാറ ചാരുംമൂട്ടിലെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അമ്മുവിന്റെ മരണം ഞെട്ടിക്കുന്നതാണ്. വസ്തുത ആരോഗ്യ സർവകലാശാലക്ക് അറിയണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകും. കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയുണ്ട്. അതിലും തുടർ അന്വേഷണം നടത്തും. ആന്റി റാഗിങ് സെല്ലിന്റെ പ്രവർത്തനം അടക്കം പരിശോധിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം വിശദമായി പരിശോധിക്കും. പൊലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം. കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഉറപ്പ്നൽകി കുടുംബത്തെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
പോത്തൻകോട്: ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി പോത്തൻകോട് ചാരുംമൂടിലെ അമ്മുവിന്റെ വീട്ടിലെത്തി രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആരോഗ്യ സർവകലാശാല ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് സംഘത്തിലെ ഡോ. വി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നഴ്സിങ് ഡീൻ ഡോ. രാജിവ് രഘുനാഥ്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഹരികുമാർ, സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ ഡോ. സിന്ധു എന്നിവരാണ് അമ്മുവിന്റെ വീട്ടിലെത്തിയത്.
അന്വേഷണസംഘം കോളജിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അമ്മുവിന്റെ വീട്ടിലെത്തിയത്. കോളജിലും ഹോസ്റ്റലിലും നടന്ന സംഭവങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ രക്ഷിതാക്കളിൽ നിന്നും ശേഖരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം സർവകലാശാല വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.