തിരുവനന്തപുരം: ആവേശം സൃഷ്ട്ടിച്ച ഉപതെരഞ്ഞെടുപ്പുകൾ സമാധാനപരം, വോട്ടെണ്ണൽ ബുധനാഴ്ച. തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ വെള്ളനാട് (57.83 ശതമാനം), ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക് (76.57), തോട്ടവാരം (74.38), കരവാരം പഞ്ചായത്തിലെ പട്ട്ള (69.68), ചാത്തൻപാറ (73.24), പെരിങ്ങമ്മല പഞ്ചായത്തിലെ കരിമന്‍കോട് (74.47), മടത്തറ (65.73), കൊല്ലായില്‍ (71.18) എന്നിവിടങ്ങളിലായിരുന്നു ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
നെടുമങ്ങാട്: ഉപതെരെഞ്ഞെടുപ്പ് നടന്ന വെള്ളനാട് ജില്ല പഞ്ചായത്ത് ഡിവിഷനിൽ പോളിങ് ശതമാനം കുറവ്. 57.83 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വെള്ളനാട് പഞ്ചായത്തിൽ 59.7 ശതമാനവും അരുവിക്കരയിൽ 58.01 ശതമാനവും രണ്ട് വാർഡുകളുള്ള കരകുളത്ത് 50.82 ശതമാനവും പൂവച്ചൽ പഞ്ചായത്തിലെ ചെറിയകൊണ്ണി വാർഡിൽ 54.04 ശതമാനവും പോളിങ് നടന്നു.
കഴിഞ്ഞതവണത്തെക്കാൾ വളരെകുറച്ചു പോളിങാണ് ഡിവിഷനിൽ നടന്നത്. വെള്ളനാട് ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസിലെ വെള്ളനാട് ശശി രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്തോടെയാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.
നെടുമങ്ങാട്: ഉപതെരെഞ്ഞെടുപ്പ് നടന്ന പെരിങ്ങമ്മല പഞ്ചായത്തിൽ മൂന്ന് വാർഡുകളിലും വോട്ടെടുപ്പ് സമാധാനം. മടത്തറ, കൊല്ലയിൽ, കരിമൻകോട് വാർഡുകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. മടത്തറ വാർഡിൽ 1249 ആകെ വോട്ടർമാരിൽ 819 പേർ വോട്ട് ചെയ്തു.
1656 വോട്ടർമാരുള്ള കൊല്ലായിൽ 1235 പേർ വോട്ട് ചെയ്തു. കരിമൺകോട് വാർഡിലെ 1486 വോട്ടർമാരിൽ 1236 പേരും വോട്ട് ചെയ്തു. ഫെബ്രുവരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് വാർഡുകളിലെയും കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആറ്റിങ്ങൽ: കരവാരത്ത് രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. വൈകീട്ട് വീണ്ടും തിരക്ക് കൂടി. വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കതിരുന്നതിനാൽ കൃത്യസമയത്തുതന്നെ വോട്ടിങ് അവസാനിപ്പിച്ചു. പട്ട്ലയിലും ചാത്തൻപാറയിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം രണ്ട് വനിത അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
പട്ട്ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവർ എൽ.ഡി.എഫിന് വേണ്ടിയും യു.ഡി.എഫിന് പട്ടളയിൽ എം. ലാലിയും ചാത്തൻപാറയിൽ ആർ. രാജിയും ബി.ജെ.പിക്ക് പട്ട്ള വാർഡിലേക്ക് എസ്. ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി. അമ്പിളിയും ജനവിധി തേടി. മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള എം.എം.ജെ.സി.എസ് സ്കൂളിൽ രാവിലെ 10ന് വോട്ടെണ്ണൽ നടക്കും.
ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. ചെറുവള്ളിമുക്ക് വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി ആര്.എസ്. മിനി, എല്‍.ഡി.എഫിനു വേണ്ടി എം.എസ്. മഞ്ജു, യു.ഡി.എഫിനു വേണ്ടി എസ്. ശ്രീകല എന്നിവരാണ് മത്സരിച്ചത്.
തോട്ടവാരം വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി വി. സ്വാതി, എല്‍.ഡി.എഫിന് വേണ്ടി ജി. ലേഖ, യു.ഡി.എഫിന് വേണ്ടി ബി. നിഷ എന്നിവർ മത്സരിച്ചു. ചെറുവള്ളിമുക്കില്‍ വി.പി. സംഗീതാറാണിയും തോട്ടവാരത്ത് എ.എസ്. ഷീലയുമായിരുന്നു കൗണ്‍സിലര്‍മാര്‍. ഇരുവരും ഫെബ്രുവരി 29ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വേട്ടെണ്ണൽ രാവിലെ 10ന് ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.